ശങ്കർ - അർജുൻ കൂട്ടുകെട്ടിന്റെ 'ജെന്റിൽമാൻ'; 33 വർഷങ്ങൾക്ക് ശേഷം വീണ്ടും തിയറ്ററുകളിലേക്ക്

  1. Home
  2. Entertainment

ശങ്കർ - അർജുൻ കൂട്ടുകെട്ടിന്റെ 'ജെന്റിൽമാൻ'; 33 വർഷങ്ങൾക്ക് ശേഷം വീണ്ടും തിയറ്ററുകളിലേക്ക്

gentleman


ബ്രഹ്മാണ്ഡ സംവിധായകൻ ശങ്കറിന്റെ അരങ്ങേറ്റ ചിത്രമായ 'ജെന്റിൽമാൻ' പുതിയ സാങ്കേതിക മികവോടെ വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നു. ചിത്രത്തിന്റെ 33-ാം വാർഷികത്തോട് അനുബന്ധിച്ച് 4K അൾട്രാ എച്ച്.ഡി ദൃശ്യ നിലവാരത്തിലും ഡോൾബി അറ്റ്മോസ് ശബ്ദ സാങ്കേതികവിദ്യയോടെയുമാണ് ചിത്രം റീമാസ്റ്റർ ചെയ്ത് പ്രദർശനത്തിനെത്തിക്കുന്നത്.

കെ.ടി. കുഞ്ഞുമോൻ നിർമ്മിച്ച്, ആക്ഷൻ കിങ് അർജുൻ നായകനായി 1993-ൽ പുറത്തിറങ്ങിയ ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച ടെക്നിക്കൽ ക്ലാസിക്കുകളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. മധുബാല നായികയായ ചിത്രത്തിൽ വിനീത്, ഗൗണ്ടമണി, സെന്തിൽ, ചാരുഹാസൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തി.

എ.ആർ. റഹ്മാൻ സംഗീതവും ജീവ ഛായാഗ്രഹണവും നിർവഹിച്ച ചിത്രത്തിന് ബാലകുമാരനാണ് കഥയും സംഭാഷണവും ഒരുക്കിയത്. തോട്ടാ ധരണിയുടെ കലാസംവിധാനവും ബി. ലെനിൻ, വി.ടി. വിജയൻ എന്നിവരുടെ എഡിറ്റിങ്ങും ചിത്രത്തിന് തിളക്കമേകി. ഉന്നത വിദ്യാഭ്യാസ രംഗത്തെ അഴിമതിയും ക്യാപിറ്റേഷൻ ഫീസും പ്രമേയമാക്കിയ ചിത്രം ഇന്നും പ്രസക്തമായ വിഷയമാണ് കൈകാര്യം ചെയ്യുന്നത്. റീ-റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് നിർമാതാക്കൾ അറിയിച്ചു.