മോളിവുഡ് ടൈംസ് കളറാക്കാൻ നെസ്‌ലിനൊപ്പം ഷറഫുദ്ദീനും; ക്യാരക്ടർ പോസ്റ്റർ പുറത്ത്
'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന 'മോളിവുഡ് ടൈംസ്' എന്ന ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് പുറത്ത്. ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്ന ഷറഫുദ്ദീന്റെ ക്യാരക്ടർ പോസ്റ്ററാണ് അണിയറപ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. സംവിധായകൻ ആകണമെന്ന മോഹവുമായി നടക്കുന്ന വിനീത് മാധവൻ എന്ന കൗമാരക്കാരനായി നെസ്‌ലിൻ എത്തുന്ന ഈ ചിത്രം വലിയ പ്രേക്ഷക പ്രതീക്ഷയുള്ള പ്രോജക്റ്റാണ്.
നെസ്‌ലിനും ഷറഫുദ്ദീനും പുറമേ സംഗീത് പ്രതാപും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മലയാള സിനിമയിലെ നിരവധി പ്രമുഖ താരങ്ങൾ കാമിയോ റോളുകളിൽ എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രത്തിലെ 'അപ്ന ഫ്രൈഡേ ആഗയ' എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിട്ടുണ്ട്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് ചിത്രം നിർമ്മിക്കുന്നത്. മോളിവുഡ് ടൈംസിന് ശേഷം മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന 'അതിമനോഹരം' എന്ന ചിത്രമാണ് ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ അടുത്ത വലിയ പ്രോജക്ട്.
രാമു സുനിൽ തിരക്കഥ രചിക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറ വിശ്വജിത്തും സംഗീതം ജേക്സ് ബിജോയിയും നിർവഹിക്കുന്നു. നിധിൻ രാജ് അരോൾ, അഭിനവ് സുന്ദർ നായക് എന്നിവർ ചേർന്നാണ് എഡിറ്റിംഗ്. വിഷ്ണു ഗോവിന്ദ് (സൗണ്ട് ഡിസൈൻ), റോണെക്സ് സേവ്യർ (മേക്കപ്പ്), മാഷർ ഹംസ (കോസ്റ്റ്യൂം) തുടങ്ങിയ പ്രമുഖ സാങ്കേതിക പ്രവർത്തകരും ചിത്രത്തിന്റെ ഭാഗമാണ്.
