എല്ലാം നോക്കാൻ നിനക്ക് എങ്ങനെ സാധിക്കുന്നു ഷീല എന്ന് ജയലളിത ചോദിച്ചിട്ടുണ്ട്, എനിക്ക് മാനേജർ ഉണ്ടായിട്ടില്ല; ഷീല

മലയാളികളുടെ എക്കാലത്തേയും പ്രിയ നായികയാണ് ഷീല. അഭിനയ രംഗത്ത് പഴയത് പോലെ സജീവമല്ല നടിയിന്ന്. ഇന്നും മനസിന്റെ ചെറുപ്പവും ചുറുചുറുക്കും നിലനിർത്തുന്ന നടിയാണ് ഷീല. ശക്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച ഷീലയ്ക്ക് യഥാർത്ഥ ജീവിതത്തിൽ ലാസ്യ ഭാവമാണ്. അതെന്ത് കൊണ്ടാണെന്ന ചോദ്യത്തിന് നടി ഒരിക്കൽ മറുപടി നൽകി. 'അത് കാണുന്നവരാണ് തീരുമാനിക്കേണ്ടത്. ഞാൻ സാധാരണ പോലെ ഡ്രസ് ചെയ്യുന്നു. ഒരു സാരി ധരിക്കുന്നു, പൂവ് വെക്കുന്നു. പൂവ് എനിക്ക് വലിയ ഇഷ്ടമാണ്. ശക്തമായ സ്ത്രീയായാണോ കൊച്ചുകുട്ടിയായാണോ എന്നെ കാണേണ്ടതെന്ന് അവർ തീരുമാനിക്കണം.' പ്രായത്തെ അംഗീകരിക്കാൻ തനിക്ക് മടിയില്ലെന്നും അന്ന് ഷീല വ്യക്തമാക്കി.
ഗ്രേസ്ഫുളായി എനിക്ക് പ്രായമാകുന്നു. ജീവിതത്തിലെല്ലാവരും ഈ ഘട്ടങ്ങളിലൂടെ കടന്ന് പോകുമെന്ന് ഷീല വ്യക്തമാക്കി. ഞാനിപ്പോൾ അമ്മൂമ്മയാണ്. എനിക്കതിൽ ഭയങ്കര സന്തോഷവും അഭിമാനവുമാണ്. പെണ്ണുങ്ങൾക്ക് അതൊക്കെ വേണ്ടേ. കൊച്ചുമക്കളെ കാണാവുന്നിടത്തോളം ജീവിച്ചു എന്നത് വലിയ കാര്യമാണ്. നായികമാർക്ക് പ്രായം പ്രശ്നമല്ല. അതിന് തക്ക കഥാപാത്രങ്ങൾ വന്ന് കൊണ്ടിരിക്കും. എത്ര പടത്തിൽ പാട്ട് പാടി മരം ചുറ്റും. അത് മതിയായി. ഇപ്പോൾ വേറെ ഒരു കാലഘട്ടത്തിലൂടെയാണ് പോകുന്നത്. അതിൽ സന്തോഷമാണ്. പണ്ടേ താൻ വ്യത്യസ്ത വേഷങ്ങൾ ചെയ്തിട്ടുണ്ടെന്ന് ഷീല ചൂണ്ടിക്കാട്ടി. മകനേ നിനക്ക് വേണ്ടി എന്ന സിനിമയിൽ നസീർ സാറുടെ അമ്മയായി ഞാൻ അഭിനയിച്ചിട്ടുണ്ടെന്നും ഷീല അന്ന് വ്യക്തമാക്കി.
കരിയറിലെ ഏറ്റവും തിരക്കേറിയ സമയത്തും എല്ലാം ഒറ്റയ്ക്ക് നോക്കി നടത്തിയതിനെക്കുറിച്ചും ഷീല അന്ന് സംസാരിക്കുകയുണ്ടായി. എനിക്ക് മാനേജർ ഉണ്ടായിട്ടില്ല. ഞാൻ അഭിനയിച്ച് കൊണ്ടിരിക്കുന്ന സമയത്തേ അമ്മയ്ക്ക് സുഖമില്ലാതായി. വീട്ടുകാര്യങ്ങൾ നോക്കാനൊക്കില്ല. വീട്ടുകാര്യങ്ങൾ ഞാൻ നോക്കണം, കോൾ ഷീറ്റ് കൊടുക്കണം, പ്രൊഡ്യൂസർ തരുന്ന കാശ് മേടിക്കണം, ഇൻകം ടാക്സ് കെട്ടണം, അനിയത്തിമാരുടെ സ്കൂൾ ഫീസ് കെട്ടണം, മാർക്ക് ഷീറ്റിൽ കയ്യെഴുത്തിടണം, മാർക്ക് കുറഞ്ഞാൽ അവരോട് വഴക്കിടണം. ഇതെല്ലാം ഞാൻ ഒറ്റയ്ക്ക് ചെയ്തു.
ജയലളിത അന്ന് എന്റെ വലിയ കൂട്ടുകാരിയാണ്. അവർക്കെല്ലാം മാനേജരുണ്ട്. എല്ലാം നോക്കാൻ നിനക്ക് എങ്ങനെ സാധിക്കൂന്നു ഷീല എന്ന് ജയലളിത തന്നോട് ചോദിച്ചെന്നും ഷീല ഓർത്തു. അനുരാഗം എന്ന സിനിമയിലാണ് ഷീലയെ ഒടുവിൽ പ്രേക്ഷകർ കണ്ടത്. ചെന്നെെയിലാണ് മകനും കുടുംബത്തിനമൊപ്പം ഷീല താമസിക്കുന്നത്.