തൊട്ടാല്‍ ഉടനെ ഭയങ്കര നാണം വരുന്ന പെണ്ണുങ്ങളായിരുന്നു അന്ന്; ഒപ്പമഭിനയിച്ച നടന്മാരെ കുറിച്ച് ഓർക്കുമ്പോൾ സങ്കടമാണ്; ഷീല

  1. Home
  2. Entertainment

തൊട്ടാല്‍ ഉടനെ ഭയങ്കര നാണം വരുന്ന പെണ്ണുങ്ങളായിരുന്നു അന്ന്; ഒപ്പമഭിനയിച്ച നടന്മാരെ കുറിച്ച് ഓർക്കുമ്പോൾ സങ്കടമാണ്; ഷീല

sheela


മലയാളത്തിലെ പകരക്കാരില്ലാത്ത അതുല്യ നടിമാരിൽ ഒരാളാണ് ഷീല. ഒരു കാലത്ത് മലയാളികളുടെ നായികാ സങ്കൽപം പോലും ഷീല ആയിരുന്നു. 1962 ൽ ആയിരുന്നു ഷീലയുടെ സിനിമാ അരങ്ങേറ്റം. തമിഴിൽ എംജിആറിന് ഒപ്പം മുതൽ മലയാളത്തിൽ സത്യന്റേയും പ്രേം നസീറിന്റെയും ഒപ്പം വരെ നിരവധി സിനിമകളിൽ നായികയായിട്ടുണ്ട്. പ്രേം നസീറിനൊപ്പം ഏറ്റവും കൂടുതൽ സിനിമകളിൽ നായികയായ നടിയാണ് ഷീല. ഇവരുടെ സിനിമകൾക്ക് ഒക്കെ ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ദീർഘ നാൾ നായിക നടിയായി തിളങ്ങിയ ഷീല പിൽക്കാലത്ത് സിനിമയിൽ നിന്ന് ഇടവേള എടുക്കുകയും മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തുകയും ചെയ്തിരുന്നു.

ഇന്ന് സിനിമകളിൽ ഒന്നും അത്ര സജീവമല്ലെങ്കിലും ടെലിവിഷൻ പരിപാടികളിൽ ഒക്കെ സജീവ സാന്നിധ്യമാണ് നടി. അടുത്തിടെ ഫ്ളവേഴ്സിലെ സ്റ്റാർ മാജിക് എന്ന പരിപാടിയിൽ ഷീല എത്തിയിരുന്നു. തന്റെ സിനിമാ ജീവിതത്തിലെ ഓർമകളും വിശേഷങ്ങളെല്ലാം ഷീല ഷോയിൽ പങ്കുവെച്ചിരുന്നു. ഇപ്പോൾ ആ വാക്കുകൾ ശ്രദ്ധ നേടുകയാണ്.

തന്റെ സഹപ്രവര്‍ത്തകരെ ഓര്‍ക്കുമ്പോള്‍ സങ്കടമാണെന്നാണ് ഷീല വേദിയിൽ പറഞ്ഞത്. നടികളില്‍ കുറച്ചുപേരൊക്കെ ജീവിച്ചിരിപ്പുണ്ട്. നടന്‍മാരില്‍ ആരും ഇല്ല. അതോര്‍ക്കുമ്പോള്‍ സങ്കടമാണെന്ന് നടി പറഞ്ഞു. ചെന്നൈയിലാണ് ഷീലയുടെ താമസം. കേരളത്തില്‍ വരുമ്പോൾ മാത്രമാണ് താൻ സാരി ഉടുക്കുന്നത്. അല്ലെങ്കില്‍ ചുരിദാറും പാന്റും ഷര്‍ട്ടുമൊക്കെയാണ് വേഷം.

സ്ത്രീകള്‍ക്ക് ഏറ്റവും കംഫര്‍ട്ടായ വസ്ത്രം ജീന്‍സും ഷര്‍ട്ടുമാണെന്നും ഷീല പറയുന്നുണ്ട്. എത്ര പ്രായമുള്ളവരാണെങ്കിലും അമേരിക്കയിലൊക്കെ പോയാല്‍ ജീന്‍സും ഷര്‍ട്ടും ഇടും. ഷീല സെലിന്‍ എന്നാണ് എന്റെ പള്ളിയിലെ പേരെന്നും ഷീല പങ്കുവച്ചു. പ്രേം നസീറിന് ഒപ്പമുള്ള ഓർമകളും ഷീല പങ്കുവച്ചു. നസീര്‍ എന്റെ ഭര്‍ത്താവായിരുന്നു ആദ്യം, പിന്നെ മകനായും എത്തിയിട്ടുണ്ട്. ഒത്തിരി സിനിമകളില്‍ ഞങ്ങള്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഞാൻ ചട്ടയും മുണ്ടും ഉടുത്ത് എത്ര സിനിമകളില്‍ അഭിനയിച്ചു എന്നറിയില്ല. തൊട്ടാല്‍ ഉടനെ ഭയങ്കര നാണം വരുന്ന പെണ്ണുങ്ങളായിരുന്നു അന്നത്തേത്. ഇപ്പോള്‍ ആണും പെണ്ണും സമമല്ലേ. ജിഞ്ചാക്കിന്നടി എന്ന് പറഞ്ഞാല്‍ എന്താണെന്ന് എനിക്കറിയില്ല. അങ്ങനെ പറഞ്ഞിട്ടുണ്ടോ എന്നൊരു ചോദ്യവും ഷീല വേദിയിൽ ചോദിക്കുന്നുണ്ട്.

അന്ന് ഞങ്ങള്‍ക്ക് ഡാന്‍സ് മാസ്റ്ററും കോറിയോഗ്രാഫറും ഒന്നും ഇല്ലായിരുന്നു. അന്നത്തെ ഡ്രസിംഗും അങ്ങനെയായിരുന്നു. ചെമ്മീന്‍ സിനിമയില്‍ മേക്കപ്പില്ലാതെയാണ് അഭിനയിച്ചതെന്ന് ഷീല പറഞ്ഞു. ചെമ്മീനിൽ എനിക്ക് മേക്കപ്പ്മാനൊക്കെ ഉണ്ടായിരുന്നു. നിറയെ മേക്കപ്പൊക്കെ ഇടാറുണ്ടായിരുന്നു. അവര് നല്ല വെളുത്തയാളാണ്, എന്തിനാണ് മേക്കപ്പിട്ടത്, അത് കളയാന്‍ പറയൂ എന്നാണ് ക്യാമറാമാന്‍ പറഞ്ഞത്. ആദ്യം അത് മാറ്റില്ലെന്ന് പറഞ്ഞെങ്കിലും പിന്നീട് മാറ്റി.

മേക്കപ്പ് മാറ്റുമ്പോള്‍ എനിക്ക് സങ്കടമായിരുന്നു. അങ്ങനെ പോയ ആദ്യത്തെ ഷോട്ടാണ് പെണ്ണാളേ പെണ്ണാളേ എന്നുള്ളതെന്ന് ഷീല പറഞ്ഞു. തന്റെ ചെറുപ്പത്തിൽ അമ്മയും ചിറ്റമാരുമൊക്കെ സീക്രട്ടായാണ് രമണന്‍ വായിച്ചിരുന്നത്. പ്രണയമൊക്കെയുള്ളത് കൊണ്ട് ഞങ്ങളെ വായിക്കാനൊന്നും സമ്മതിച്ചിരുന്നില്ല. അവസാനം അതേ ചിത്രത്തില്‍ ഞാന്‍ നായികയായി അഭിനയിച്ചു. പണ്ട് ഒരുപാട് സമയമെടുക്കും ഒരു പെണ്ണിനെ പ്രേമിച്ച് കൈയ്യില്‍ കിട്ടാന്‍. ഇന്നാണെങ്കില്‍ വാട്‌സാപ്പില്‍ രണ്ട് ഹായ് വിട്ടാല്‍ മതി. ഇന്ന് എല്ലാം പെട്ടെന്നാണല്ലോ എന്നും ഷീല ചോദിച്ചു.

ഇപ്പോൾ സിനിമകളിൽ അത്ര സജീവമല്ല ഷീല. ഏറ്റവും ഒടുവിൽ അനുരാഗം എന്നൊരു ചിത്രത്തിലാണ് ഷീല എത്തിയത്. അതേസമയം നിരവധി ടെലിവിഷൻ ഷോകളിൽ അതിഥിയായി താരം എത്തിയിരുന്നു.