അച്ഛൻ അവസാന നാളുകളിൽ അവിശ്വാസി ആയിരുന്നില്ല, ഞങ്ങളുടെ വിശ്വാസത്തെ ഒരിക്കലും എതിർത്തിരുന്നില്ല; ഷോബി തിലകൻ

  1. Home
  2. Entertainment

അച്ഛൻ അവസാന നാളുകളിൽ അവിശ്വാസി ആയിരുന്നില്ല, ഞങ്ങളുടെ വിശ്വാസത്തെ ഒരിക്കലും എതിർത്തിരുന്നില്ല; ഷോബി തിലകൻ

SHOBI THILAKAN


തിലകൻ അവസാന നാളുകളിൽ അവിശ്വാസി ആയിരുന്നില്ലെന്നാണ് തനിക്കു തോന്നിയതെന്ന് സിനിമാനടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ മകൻ ഷോബി തിലകൻ. അന്ധവിശ്വാസത്തെ അച്ഛൻ മരിക്കുംവരെ എതിർത്തിരുന്നു. ഞങ്ങളുടെ വിശ്വാസത്തെ ഒരിക്കലും എതിർത്തിരുന്നില്ല. ഷോബിയും കുടുംബവും ഓച്ചിറയിൽ ഭജനം പാർക്കാൻ എത്തിയപ്പോഴാണ് ഇത് പറഞ്ഞത്.

കോവിഡ് കാലത്തെ രണ്ടുവർഷമൊഴികെ, 2005 മുതൽ തുടർച്ചയായി ഷോബി തിലകനും കുടുംബവും വൃശ്ചികോത്സവ ഭജനത്തിനായി എത്തുന്നുണ്ട്. ഭാര്യ ശ്രീലേഖ, മകൻ ദേവനന്ദ്, ഭാര്യയുടെ അമ്മ തങ്കമണിയമ്മ എന്നിവരാണ് ദേവസ്വം ബോർഡിന്റെ മഠത്തിൽ ഭജനമിരിക്കുന്നത്. കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ്. വിദ്യാർഥിയായ മകൾ ദേവയാനിയും എത്തും. പരബ്രഹ്‌മഭക്തനായ ഷോബി തിലകൻ സമയം കിട്ടുമ്പോഴെല്ലാം ഓച്ചിറയിലെത്തും.

കുടുംബത്തോടൊപ്പം പന്ത്രണ്ടു ദിവസവും ഭജനം പാർക്കാൻ ആഗ്രഹമുണ്ടെങ്കിലും തിരക്കുമൂലം അതിനു കഴിയാറില്ല. ഇക്കുറി പരമാവധി ദിവസം പരബ്രഹ്‌മത്തിന്റെ മുന്നിൽ ഭജനമിരിക്കണമെന്ന ആഗ്രഹമുള്ളതിനാൽ ഏഷ്യാനെറ്റിലെ മൗനരാഗം സീരിയലിന്റെ ഡബ്ബിങ് ഓച്ചിറയിലുള്ള സ്റ്റുഡിയോയിലേക്ക് മാറ്റിയിട്ടുണ്ട്. പുലർച്ചെയും വൈകുന്നേരങ്ങളിലുമാണ് കുടുംബം പരബ്രഹ്‌മദർശനത്തിനായി പോകുന്നത്. ഗുരുവായൂർ, മൂകാംബിക, ചോറ്റാനിക്കര ക്ഷേത്രങ്ങളിലും തുടർച്ചയായി പോകാറുണ്ടെന്ന് ഷോബി തിലകൻ പറഞ്ഞു.