വസ്ത്രത്തിൽ ചുളിവ് വീഴാതിരിക്കാൻ 7 മണിക്കൂർ നിന്നു; ഐശ്വര്യ റായിയുടെ പ്രൊഫഷണലിസത്തെക്കുറിച്ച് ഡിസൈനർ

  1. Home
  2. Entertainment

വസ്ത്രത്തിൽ ചുളിവ് വീഴാതിരിക്കാൻ 7 മണിക്കൂർ നിന്നു; ഐശ്വര്യ റായിയുടെ പ്രൊഫഷണലിസത്തെക്കുറിച്ച് ഡിസൈനർ

aish


ലോകസുന്ദരി ഐശ്വര്യ റായിയുടെ പ്രൊഫഷണലിസത്തെയും കൃത്യനിഷ്ഠയെയും കുറിച്ച് വാചാലയായി പ്രമുഖ ഡിസൈനർ പ്രതീക പ്രശാന്ത്. മണിരത്നത്തിന്റെ ഇതിഹാസ ചിത്രം 'പൊന്നിയിൻ സെൽവൻ' സെറ്റിലെ അനുഭവങ്ങളാണ് ഹൈദരാബാദ് സ്വദേശിയായ പ്രതീക പങ്കുവെച്ചത്. ചിത്രത്തിലെ അതിമനോഹരമായ ആഭരണങ്ങൾ ഒരുക്കിയത് പ്രതീകയായിരുന്നു.

സിനിമയിലെ വസ്ത്രധാരണത്തിലും ലുക്കിലും ഐശ്വര്യ പുലർത്തുന്ന അതീവ ജാഗ്രത തന്നെ അത്ഭുതപ്പെടുത്തിയെന്ന് പ്രതീക പറയുന്നു. "ഐശ്വര്യ റായ് തികഞ്ഞൊരു പ്രൊഫഷണലാണ്. തന്റെ വസ്ത്രത്തിലോ ഹെയർസ്റ്റൈലിലോ ഒരു ചെറിയ പിഴവ് പോലും വരുന്നത് അവർക്ക് ഇഷ്ടമല്ല. ഓരോ വശത്തുനിന്ന് നോക്കുമ്പോഴും താൻ പെർഫെക്ട് ആയിരിക്കണമെന്ന് അവർക്ക് നിർബന്ധമുണ്ട്," പ്രതീക ഒരു അഭിമുഖത്തിൽ പറഞ്ഞു.

ഷൂട്ടിംഗിനിടെ വസ്ത്രത്തിൽ ചുളിവുകൾ വീഴാതിരിക്കാൻ ഐശ്വര്യ കാണിച്ച കരുതലാണ് ഡിസൈനറെ വിസ്മയിപ്പിച്ചത്. ഒരു രംഗത്തിൽ ഐശ്വര്യ ധരിച്ചിരുന്ന ഓർഗൻസ ദുപ്പട്ടയിൽ ചുളിവുകൾ വീഴാതിരിക്കാൻ അവർ ഏകദേശം ഏഴ് മണിക്കൂറോളം ഇരിക്കാതെ നിന്നു. സീൻ പൂർത്തിയാകുന്നത് വരെ തന്റെ ലുക്ക് ഒട്ടും മോശമാകരുത് എന്ന നിർബന്ധമാണ് അവരെ ഇതിന് പ്രേരിപ്പിച്ചത്.

പൊന്നിയിൻ സെൽവനിൽ നന്ദിനി, മന്ദാകിനി എന്നീ വെല്ലുവിളി നിറഞ്ഞ ഇരട്ടവേഷങ്ങളിലാണ് ഐശ്വര്യ എത്തിയത്. പ്രതികാര ദാഹിയായ നന്ദിനിയായും ശാന്തയായ മന്ദാകിനിയായും അവർ നടത്തിയ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ശോഭിത ധൂലിപാലയുടെ വിവാഹ വസ്ത്രങ്ങൾക്കും ആഭരണങ്ങൾക്കും പിന്നിലും പ്രതീക പ്രശാന്ത് പ്രവർത്തിച്ചിരുന്നു.

1994-ൽ മിസ് വേൾഡ് കിരീടം ചൂടിയ ഐശ്വര്യ, പതിറ്റാണ്ടുകളായി ഇന്ത്യൻ സിനിമയിലെ താരറാണിയായി തുടരുകയാണ്. 'ഇരുവർ' മുതൽ 'ജോധാ അക്ബർ' വരെയുള്ള ചിത്രങ്ങളിലെ പ്രകടനത്തിന് പിന്നാലെ പൊന്നിയിൻ സെൽവനും അവരുടെ കരിയറിലെ മികച്ച ചരിത്ര സിനിമകളിലൊന്നായി മാറി.