അതൊന്നും തലയിൽ കൊണ്ടുനടക്കുന്ന ആളല്ല ദുൽഖർ, വിമർശനങ്ങൾക്കുള്ള മറുപടി അടുത്ത വർക്കിൽ: സണ്ണി വെയ്ൻ

  1. Home
  2. Entertainment

അതൊന്നും തലയിൽ കൊണ്ടുനടക്കുന്ന ആളല്ല ദുൽഖർ, വിമർശനങ്ങൾക്കുള്ള മറുപടി അടുത്ത വർക്കിൽ: സണ്ണി വെയ്ൻ

sunny


ദുൽഖർ സൽമാനൊപ്പം സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച നടനാണ് സണ്ണി വെയ്ൻ. തുടക്കത്തിൽ ഹാസ്യവേഷങ്ങളിലും സഹതാരമായൊക്കെയും തിളങ്ങിയ സണ്ണി ഇന്ന്, നായകനായും അഭിനയ പ്രാധാന്യമുള്ള ക്യാരക്ടർ വേഷങ്ങളിലൂടെയുമൊക്കെയാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്.

സിനിമയുടെ അകത്തും പുറത്തുമൊക്കെ നല്ല സൗഹൃദങ്ങൾ സൂക്ഷിക്കുന്ന നടൻ കൂടിയാണ് സണ്ണി വെയ്ൻ. സണ്ണിയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് ദുൽഖർ സൽമാൻ. ആദ്യ സിനിമയിൽ തുടങ്ങിയ ആ സ്‌നേഹബന്ധം ഇന്നും അവർ തുടർന്നു പോകുന്നു. ആദ്യ സിനിമയ്ക്ക് ശേഷം ഒരുപിടി സിനിമകളിൽ ഇരുവരും ഒന്നിച്ചെത്തുകയും ആരാധകരുടെ ഇഷ്ടം നേടിയെടുക്കുകയും ചെയ്തിരുന്നു. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, ആൻ മരിയ കലിപ്പിലാണ്, കുറുപ്പ് തുടങ്ങിയ സിനിമകളിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്.

ഇപ്പോഴിതാ ദുൽഖറിനെ കുറിച്ച് സംസാരിക്കുകയാണ് സണ്ണി വെയ്ൻ. കിങ് ഓഫ് കൊത്ത എന്ന ചിത്രത്തിന് ശേഷം ഉണ്ടായ വിമർശനങ്ങൾ ദുൽഖറിനെ ബാധിക്കില്ല എന്ന് സണ്ണി പറയുന്നു. ദുൽഖറിന്റെ ഹാർഡ് വർക്ക് കണ്ട് താൻ അത്ഭുതപ്പെട്ടിട്ടുണ്ടെന്നും സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ സണ്ണി വെയ്ൻ പറഞ്ഞു.

'ദുൽഖറിന്റെ തീരുമാനങ്ങളും ഇതുവരെയുള്ള യാത്രയും ആരും പ്രതീക്ഷിക്കാത്ത ഒന്നായിരിക്കും. ഒരു പാൻ ഇന്ത്യൻ തലത്തിലേക്ക് ദുൽഖർ എത്തുമെന്ന് ആരെങ്കിലും വിചാരിച്ചിരുന്നോ, അദ്ദേഹത്തിന്റെ ഹാർഡ് വർക്ക് എന്നെ ഭയങ്കരമായിട്ട് കൊതിപ്പിച്ചിട്ടുണ്ട്. പ്രചോദനം നൽകിയിട്ടുണ്ട്. വിമർശനങ്ങൾക്കുള്ള മറുപടിയെല്ലാം അടുത്ത വർക്ക് ചെയ്തു കാണിച്ചുകൊണ്ട് ദുൽഖർ നൽകും. വിമർശനങ്ങൾ തലയിൽ കൊണ്ട് നടക്കുന്ന ആളല്ല ദുൽഖർ എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

ജയങ്ങളും പരാജയങ്ങളും ഏത് ഫീൽഡിലാണെങ്കിലും ഉണ്ടല്ലോ. ഭാവിയിൽ ദുൽഖറിന്റെ ഒരു വലിയ പ്രൊജക്‌റ്റോ അവിശ്വസനീയമായ പ്രകടനങ്ങളോ വന്ന് കഴിഞ്ഞാൽ പഴയതെല്ലാം കഥകളായി മാറില്ലേ. അത്രയേ ഉള്ളൂ,' സണ്ണി വെയ്ൻ പറയുന്നു. ദുൽഖർ തന്റെ സിനിമകൾ കണ്ട് അഭിപ്രായം പറയാറുണ്ടെന്നും വേലയിലെ ചില രംഗങ്ങൾ കാണിച്ചപ്പോൾ നന്നായി ചെയ്തിട്ടുണ്ടല്ലോ, നിനക്ക് ഇതുപോലെ എപ്പോഴും ചെയ്തൂടെ എന്ന് ചോദിച്ചെന്നും സണ്ണി കൂട്ടിച്ചേർത്തു.

സിനിമയ്ക്ക് അകത്തും പുറത്തുമുള്ള തന്റെ സൗഹൃദങ്ങളെ കുറിച്ചും സണ്ണി വെയ്ൻ വാചാലനായി. 'സൗഹൃദങ്ങളൊക്കെ നല്ല രീതിയിൽ മൈന്റൈൻ ചെയ്ത് കൊണ്ടുപോകാറുണ്ട്. പഴയ സ്‌കൂൾ, കോളേജ് സുഹൃത്തുക്കളുമായൊക്കെ നല്ല ബന്ധം സൂക്ഷിക്കുന്നുണ്ട്. ഞാൻ പോകുന്ന ഇടത്ത് അവരുണ്ടെങ്കിൽ കാണുകയും സംസാരിക്കുകയുമൊക്കെ ചെയ്യും. എന്നാൽ അതിനെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരാൻ ശ്രമിക്കാറില്ല. അവർക്കും അതാണ് താൽപര്യം', സണ്ണി വെയ്ൻ പറഞ്ഞു.