''എന്റെ ഭാര്യയോടൊപ്പം മറ്റൊരു അദ്ഭുതകരമായ വർഷം ആഘോഷിക്കുന്നു''; രാധികയെ ചേർത്തുപിടിച്ച് സുരേഷ് ഗോപി‍

  1. Home
  2. Entertainment

''എന്റെ ഭാര്യയോടൊപ്പം മറ്റൊരു അദ്ഭുതകരമായ വർഷം ആഘോഷിക്കുന്നു''; രാധികയെ ചേർത്തുപിടിച്ച് സുരേഷ് ഗോപി‍

suresh gopi


34ാം വിവാഹവാർഷികത്തിൽ ഭാര്യ രാധികയ്ക്കൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവച്ച് സുരേഷ് ഗോപി. ‘‘എന്റെ ഭാര്യയോടൊപ്പം മറ്റൊരു അദ്ഭുതകരമായ വർഷം ആഘോഷിക്കുന്നു. വിവാഹ വാർഷികാശംസകൾ, സ്നേഹം. ചിരിയുടെയും പ്രണയത്തിന്റെയും അനന്തമായ സാഹസികതയുടെയും ഒരുപാട് വർഷങ്ങൾ.’’–സുരേഷ് ഗോപി കുറിച്ചു.

മലയാളത്തിന്റെ മാതൃകാ ദമ്പതികളാണ് സുരേഷ് ഗോപിയും രാധികയും. 1990 ഫെബ്രുവരി എട്ടിനായിരുന്നു ഇവരുടെ വിവാഹം. ഗോകുല്‍ സുരേഷ്, ഭാഗ്യ സുരേഷ്, ഭാവ്‍നി സുരേഷ്, മാധവ് സുരേഷ് എന്നിവർ മക്കളാണ്.

അച്ഛൻ ഗോപിനാഥന്‍ പിള്ളയും അമ്മ വി. ജ്ഞാനലക്ഷ്മിയും ചേർന്നാണ് രാധികയെ തനിക്ക് വേണ്ടി വിവാഹം ആലോചിക്കുന്നതെന്നും വിവാഹനിശ്ചയം കഴിഞ്ഞതിനു ശേഷമാണ് താനും രാധികയും നേരിൽ കാണുന്നതെന്നും സുരേഷ് ഗോപി മുൻപ് പറഞ്ഞിരുന്നു. മഴവിൽ മനോരമയിലെ നിങ്ങൾക്കുമാകാം കോടീശ്വരൻ പരിപാടിയുടെ ഒരു എപ്പിസോഡിലാണ് തന്റെ വിവാഹത്തെക്കുറിച്ച് അധികമാർക്കുമറിയാത്ത കാര്യം താരം വെളിപ്പെടുത്തിയത്.

‘‘1989 നവംബർ 18ാം തീയതി എന്റെ അച്ഛൻ എന്നെ ഫോൺ വിളിച്ചു. അന്ന് ഞാൻ കൊടൈക്കനാലിൽ ഒരുക്കം എന്ന സിനിമയുടെ ഷൂട്ടിങിലാണ്. ഫോണിൽ അച്ഛൻ പറഞ്ഞത് ഇങ്ങനെ, ‘ഞങ്ങൾ കണ്ടു, ഞങ്ങൾക്ക് ഞങ്ങളുടെ മകളായി മരു‌മകളാ‌യി ഈ പെൺകുട്ടി മതി’ നിനക്ക് നിന്റെ ഭാര്യയായി ഈ പെൺകുട്ടി മതിയോ എന്ന് നീ വന്നു കണ്ട് തീരുമാനിക്കണം.’ ഇതുകേട്ട് ഞാൻ അച്ഛനോട് പറഞ്ഞു,  നമുക്ക് വീട്ടിലേക്ക് വേണ്ടത് ഒരു മകളാണ്. 

കാരണം നിങ്ങൾക്ക് 4 കൊമ്പൻമാരാണ്. ഞങ്ങൾ നാല് സഹോദരന്മാരാണ്. പെൺകുട്ടികൾ ഇല്ല. ആദ്യമായി ഈ കുടുംബത്തിലേക്ക് വലതുകാൽ വച്ച് കയറുന്നത് ഒരു മകളാകണമെങ്കിൽ നിങ്ങളുടെ നിശ്ചയത്തിനാണ് ഞാൻ മതിപ്പ് കൽപ്പിക്കുന്നത്. എനിക്ക് പെണ്ണ് കാണണ്ട. ​ഞാൻ കെട്ടിക്കോളാം എന്നാണ് രാധികയുടെ സിലക്‌ഷനെക്കുറിച്ച് ആദ്യം പറയുന്നത്. ഇതൊക്കെ കഴിഞ്ഞ് രാധികയെ ഞാൻ കാണുന്നത് ഡിസംബർ 3ാം തീയതിയും. അതിനുമുമ്പ് ഞങ്ങളുടെ വിവാഹ നിശ്ചയം നടന്നിരുന്നു.’’–സുരേഷ് ഗോപിയുടെ വാക്കുകൾ.

അതേസമയം കഴിഞ്ഞ മാസമായിരുന്നു സുരേഷ് ഗോപിയുടെയും രാധികയുടെയും മകളായ ഭാഗ്യ സുരേഷിന്റെ വിവാഹം. മലയാളത്തിൽ അടുത്തിടെ നടന്ന ഏറ്റവും വലിയ താരവിവാഹങ്ങളിലൊന്നായിരുന്നു അത്.