വിവാഹിതരാകുന്നുവെന്ന വാർത്ത വ്യാജം; മനുഷ്യനെ ജീവിക്കാൻ സമ്മതിക്കണം, കീർത്തിക്ക് വിവാഹം വന്നാൽ അറിയിക്കും: ജി.സുരേഷ്കുമാർ

  1. Home
  2. Entertainment

വിവാഹിതരാകുന്നുവെന്ന വാർത്ത വ്യാജം; മനുഷ്യനെ ജീവിക്കാൻ സമ്മതിക്കണം, കീർത്തിക്ക് വിവാഹം വന്നാൽ അറിയിക്കും: ജി.സുരേഷ്കുമാർ

keerthy and g suresh kumar


കീർത്തി സുരേഷും സുഹൃത്ത് ഫർഹാൻ ബിൻ ലിഖായത്തും വിവാഹിതരാകുന്നുവെന്ന വാർത്ത വ്യാജമാണെന്ന് നടിയുടെ പിതാവും നിർമാതാവുമായ സുരേഷ് കുമാർ. ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെയാണ് സുരേഷ് കുമാർ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. കീർത്തിക്കൊപ്പം ചിത്രങ്ങളിലുണ്ടായിരുന്ന ഫർ‌ഹാനെ തനിക്കും അറിയാമെന്നും അവർ നല്ല സുഹൃത്തുക്കളാണെന്നും സുരേഷ് കുമാർ വ്യക്തമാക്കി.

"എന്റെ മകൾ കീർത്തി സുരേഷിനെ കുറിച്ച് ഒരു വ്യാജ വാർത്ത ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ കിടന്ന് കറങ്ങുന്നുണ്ട്. ഒരു പയ്യനെ ഡേറ്റ് ചെയ്യുന്നു, കല്യാണം കഴിക്കാൻ പോകുന്നു, എന്നൊക്കെയുള്ള വാർത്ത. അത് വ്യാജമാണ്. ആ പയ്യൻ കീർത്തിയുടെ നല്ല സുഹൃത്താണ്. അവന്റെ പിറന്നാളിന് കീർത്തി പോസ്റ്റ് ചെയ്ത ചിത്രമാണ് ഏതോ ഒരു ഓൺലൈൻ തമിഴ് മാസിക വാർത്തയാക്കി. അതാണ് മറ്റുള്ളവർ ഏറ്റുപിടിച്ചത്.

ഇക്കാര്യം ചോദിച്ച് ആളുകളൊക്കെ എന്നെ വിളിച്ചുകൊണ്ടിരിക്കുകയാണ്. വളരെ കഷ്ടമാണ് ഇത്. മനുഷ്യനെ ജീവിക്കാൻ സമ്മതിക്കണം. മര്യാദയ്ക്ക് ജീവിക്കുന്നവരെ കൂടി വിഷമിപ്പിക്കുന്ന കാര്യമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. തികച്ചും അടിസ്ഥാനരഹിതമായ വാർത്തയാണിത്. കീർത്തിയുടെ വിവാഹം വന്നാൽ ആദ്യം അറിയിക്കുന്നത് ഞാനായിരിക്കും. വ്യാജവാർത്തകളിട്ട് കഷ്ടപ്പെടുത്തരുത്.

എനിക്കും അറിയാവുന്ന പയ്യനാണ് ഫർഹാൻ. ഞങ്ങൾ ഗൾഫിലൊക്കെ പോകുമ്പോൾ ഞങ്ങളുടെ ഒപ്പം ഷോപ്പിങിനെല്ലാം വരാറുണ്ട്. അവനും കുടുംബമില്ലേ? അവനും മുന്നോട്ട് ജീവിതമില്ലേ? ഇത് വളരെ മോശമായ പ്രവണതയാണ്. എന്റെ പല സുഹൃത്തുക്കളും വിളിച്ച് അന്വേഷിക്കുന്നതു കൊണ്ടാണ് ഞാൻ ഇപ്പോൾ ഈ വിഡിയോ ഇടുന്നത്. അടിസ്ഥാനരഹിതമായ ഇത്തരം വാർത്തകൾ പ്രചരിപ്പിക്കരുത്. ഇതൊന്നും ആരും വിശ്വസിക്കരുത്.’’–സുരേഷ് കുമാർ പറഞ്ഞു.

ഫർഹാനൊപ്പമുള്ള ചിത്രം പ്രചരിച്ചതിന് പിന്നാലെ ഇത് തന്റെ സുഹൃത്താണെന്ന് വെളിപ്പെടുത്തി കീർത്തിയും രംഗത്തെത്തിയിരുന്നു.