'ചതുരം കണ്ട് ഷാരൂഖ് ഖാൻ വിളിക്കുന്നത് സ്വപ്നം കണ്ടിരുന്നു; നാല്പത് ലക്ഷം വരെ പ്രതിഫലം വാങ്ങണം എന്നൊക്കെ ആയിരുന്നു സ്വപ്നം': സ്വാസിക

  1. Home
  2. Entertainment

'ചതുരം കണ്ട് ഷാരൂഖ് ഖാൻ വിളിക്കുന്നത് സ്വപ്നം കണ്ടിരുന്നു; നാല്പത് ലക്ഷം വരെ പ്രതിഫലം വാങ്ങണം എന്നൊക്കെ ആയിരുന്നു സ്വപ്നം': സ്വാസിക

swastika


മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് സ്വാസിക. സിനിമയിലൂടെ കരിയർ ആരംഭിച്ചതാണെങ്കിലും സ്വാസിക താരമായി മാറുന്നത് സീരിയലുകളിലൂടെയാണ്. മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമുൾപ്പെടെ സ്വാസികയെ തേടി എത്തി. ഇപ്പോൾ സിനിമകളിലും ഒപ്പം തന്നെ മിനിസ്‌ക്രീനിൽ അവതാരകയായും നിറഞ്ഞു നിൽക്കുകയാണ് സ്വാസിക.

അതേസമയം, കഴിഞ്ഞ വർഷം ഒരുപിടി ശ്രദ്ധേയ സിനിമകളിൽ പ്രധാന വേഷങ്ങളിൽ സ്വാസിക എത്തിയിരുന്നു. അതിൽ തന്നെ സ്വാസിക കേന്ദ്ര കഥാപാത്രമായി ചിത്രമായിരുന്നു സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത ചതുരം. റോഷൻ മാത്യു, അലൻസിയർ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രത്തിൽ ഗ്ലാമറസ് റോളിലായിരുന്നു സ്വാസിക അഭിനയിച്ചത്. സ്വാസികയുടെ പ്രകടനത്തിന് കയ്യടി ലഭിച്ചിരുന്നു.

കഴിഞ്ഞ ആഴ്ച ചിത്രം ഓടിടിയിലും എത്തിയിരുന്നു. അതോടെ സിനിമയെ കുറിച്ചുള്ള ചർച്ചകളും സജീവമായിരിക്കുകയാണ്. അതിനിടെ സ്വാസികയുടെ ഒരു അഭിമുഖവും ശ്രദ്ധനേടുകയാണ്. സ്ഥിരം ചെയ്തുവന്ന റോളുകളിൽ നിന്ന് ഒരു മാറ്റം വന്നത് ചതുരം ചെയ്തപ്പോഴാണെന്ന് സ്വാസിക പറയുന്നു. സിനിമ കണ്ടിട്ട് ഏറ്റവും ആദ്യം പ്രശംസിച്ചത് കെ.പി.എ.സി ലളിത ആയിരുന്നെന്നും സ്വാസിക പറഞ്ഞു. ക്ലബ് എഫ്.എമ്മിന്റെ സ്റ്റാർ ജാമിൽ സംസാരിക്കുകയായിരുന്നു നടി.

ഇതുവരെ ചെയ്തതെല്ലാം പാവം, അനിയത്തി കുട്ടി വേഷങ്ങളായിരുന്നു. അതിൽ നിന്ന് മാറ്റം വന്നത് ചതുരം ചെയ്തപ്പോഴാണ്. സ്ഥിരം റോളുകളിൽ നിന്ന് മാറ്റി ചിന്തിക്കാമെന്ന് ആളുകൾക്ക് തോന്നുമെന്നൊരു പ്രതീക്ഷയുണ്ടെന്നും സ്വാസിക പറഞ്ഞു.

എന്നാൽ ഇങ്ങനെയൊരു കഥാപാത്രമല്ല കാത്തിരുന്നത്. ശ്രീദേവി ദേവരാഗത്തിൽ ചെയ്തപോലെ ഒരെണ്ണമായിരുന്നു ആഗ്രഹിച്ചത്. 13 വർഷമായി ഈ മേഖലയിൽ ജോലി ചെയ്യുന്നു. പക്ഷേ ആത്മസംതൃപ്തി തരുന്ന ഒരു കഥാപാത്രത്തിലേക്ക് എത്തിയില്ല. വാസന്തി അങ്ങനെയൊരു സിനിമയായിരുന്നെങ്കിലും അധികമാളുകൾ അത് കണ്ടിരുന്നില്ല. ചതുരം വന്നപ്പോൾ യെസ് പറഞ്ഞില്ലെങ്കിൽ വലിയ നഷ്ടമാകുമെന്ന് തോന്നിയെന്ന് നടി പറഞ്ഞു.

ചതുരത്തിന്റെ സെറ്റിൽ നിന്നാണ് റോഷൻ ഡാർലിംഗ്സ് എന്ന ഹിന്ദി ചിത്രത്തിൽ അഭിനയിക്കാൻ പോയത്. ഷാരൂഖ്, ആലിയ കൂട്ടായ്മയുടെ പ്രോജക്റ്റ് ആണല്ലോ അത്. ചതുരത്തിന്റെ ടീസറെങ്കിലും ഷാരൂഖിനേയോ ആലിയയെയോ കരൺ ജോഹറിനെയോ കാണിക്കണമെന്ന് ഞാൻ റോഷനോട് പറഞ്ഞിരുന്നു. പക്ഷെ അവൻ ഒന്നും ചെയ്തില്ല. അന്ന് ഓ.ടി.ടി റിലീസാണ് പ്ലാൻ ചെയ്തത്. പടം കണ്ടിട്ട് ഷാരൂഖ് ഖാൻ വിളിക്കുന്നതൊക്കെ സ്വപ്നം കണ്ടിരുന്നുവെന്നും സ്വാസിക പറഞ്ഞു.

സംവിധായകൻ സിദ്ധാർത്ഥ് ഭരതനേക്കുറിച്ചും സ്വാസിക പറയുന്നുണ്ട്. നടീനടന്മാരെ അവർ അറിയാതെ അഭിനയിപ്പിക്കാൻ കഴിവുള്ളയാളാണ് സിദ്ധാർത്ഥ്. അദ്ദേഹത്തെ കണ്ടതിന് ശേഷം കുറച്ചുകൂടി ആത്മവിശ്വാസം വന്നു. വയസ് കൂടിവരുന്നു, ഒന്നും ആവാൻ പറ്റിയില്ല എന്നൊക്കെ പറയുമ്പോൾ തന്റെ അമ്മയേയാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുക. ഏത് വയസു വരെയാണ് അവർ അഭിനയിച്ചതെന്നും നായികയായിട്ടാണോ അഭിനയിച്ചത് എന്നൊക്കെ ചോദിക്കും.

ചതുരത്തിന്റെ പ്രിവ്യൂ കണ്ടിട്ട് ലളിതാമ്മ വിളിച്ചിരുന്നു. എല്ലാവരും കുറേ സിനിമയൊക്കെ തന്നിട്ട് എന്തായി? എന്റെ മോനല്ലേ അടിപൊളി സിനിമ തന്നത് എന്ന് ചോദിച്ചു. ചതുരത്തിലെ പ്രകടനത്തിന് ആദ്യം കിട്ടിയ പ്രശംസ ഇതായിരുന്നെന്നും സ്വാസിക ഓർത്തു.

വിജയുടെയുടെയും സൂര്യയുടെയും നായികയാവുന്നത് സ്വപ്നം കണ്ടാണ് പത്താംക്ലാസിൽ പഠിക്കുമ്പോൾ തമിഴ്സിനിമയിൽ അഭിനയിക്കാൻ ഓഡിഷന് പോയതെന്നും സ്വാസിക അഭിമുഖത്തിൽ പറഞ്ഞു. സുബ്രഹ്‌മണ്യപുരം ഇറങ്ങിയ സമയമായിരുന്നു അത്. എന്റെ സിനിമ ഇറങ്ങി ഹിറ്റാവുന്നു, അവരുടെയൊക്കെ നായികയായി, അങ്ങോട്ട് തിരക്കാവുന്നു, നാല്പത് ലക്ഷം വരെ പ്രതിഫലം വാങ്ങണം എന്നൊക്കെ ആയിരുന്നു സ്വപ്നം.

പക്ഷേ ഒരു സിനിമയായി, രണ്ട് സിനിമയായി പക്ഷേ വണ്ടി അനങ്ങുന്നില്ല. ഒറ്റയടിക്കൊന്നും കയറാനാവില്ലെന്ന് പതുക്കെ തനിക്ക് തിരിച്ചറിവുണ്ടായെന്നും സ്വാസിക പറഞ്ഞു.