ലോകത്തിലെ ഏറ്റവും വലിയ ഫെമിനിസ്റ്റ് രാജ്യം ഇന്ത്യ; ഏറ്റവും ശക്തരായ സ്ത്രീകളുടെ രാജ്യം; തനീഷ മുഖര്‍ജി

  1. Home
  2. Entertainment

ലോകത്തിലെ ഏറ്റവും വലിയ ഫെമിനിസ്റ്റ് രാജ്യം ഇന്ത്യ; ഏറ്റവും ശക്തരായ സ്ത്രീകളുടെ രാജ്യം; തനീഷ മുഖര്‍ജി

tanishaa-mukerji


ലോകത്തിലെ ഏറ്റവും വലിയ ഫെമിനിസ്റ്റ് രാജ്യം ഇന്ത്യയാണെന്ന് നടിയും ബിഗ്‌ബോസ് 7 റണ്ണര്‍ അപ്പുമായ തനീഷ മുഖര്‍ജി. ഫെമിനിസം എന്നത് ഒരു അമേരിക്കന്‍ സംജ്ഞയാണെന്നും അതിനെക്കുറിച്ചുള്ള പാശ്ചാത്യ ആശയസങ്കല്‍പം ഇന്ത്യയുടെ സാംസ്‌കാരികമൂല്യങ്ങളുമായി ഒരുതരത്തിലും പൊരുത്തപ്പെടുന്നതല്ലെന്നും തനീഷ പറഞ്ഞു. ഒരു സ്വകാര്യമാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് സ്ത്രീസ്വാതന്ത്ര്യവാദത്തെ കുറിച്ചുള്ള തന്റെ അഭിപ്രായങ്ങള്‍ തനീഷ പങ്കുവെച്ചത്.

"അമേരിക്കയില്‍ നിന്നാണ് ഫെമിനിസം എന്ന പദത്തിന്റെ ആഗമനം. അമേരിക്കയാകട്ടെ ലോകത്തിലെ ഏറ്റവും ഫെമിനിസ്റ്റ് വിരുദ്ധരാജ്യവും. ചില സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്ക് ഗര്‍ഭച്ഛിദ്രം അനുവദിക്കാത്തതും ഒരു വനിത ഇതുവരെ പ്രസിഡന്റ് പദവിയിലെത്താത്തതുമായ രാജ്യം. കൊല്ലങ്ങളോളം സ്ത്രീകള്‍ക്ക് വോട്ടവകാശം അനുവദിക്കാതിരുന്ന രാജ്യം. അത്തരമൊരു രാജ്യത്ത് സ്വാതന്ത്ര്യമുണ്ടെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ലോകത്തിലെ ഏറ്റവും വലിയ ഫെമിനിസ്റ്റ് രാജ്യമാണ് ഇന്ത്യ", തനീഷ പറഞ്ഞു.

ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്ന ബഹുമാനത്തെ കുറിച്ച് സംസാരിച്ച തനീഷ സ്ത്രീകള്‍ക്ക് അങ്ങേയറ്റം ആദരവും സ്ഥാനവും നല്‍കുന്ന ശക്തമായ സംസ്‌കാരമാണ് ഇന്ത്യയ്ക്കുള്ളതെന്നും കൂട്ടിച്ചേര്‍ത്തു. സ്ത്രീപുരുഷന്മാര്‍ക്ക് തുല്യപങ്കാളിത്തമാണ് ഹിന്ദുസംസ്‌കാരത്തിലുള്ളത്. ബ്രിട്ടീഷ് ഭരണം മൂലമാണ് നമ്മുടെ സംസ്‌കാരത്തിന് മൂല്യച്യുതി സംഭവിച്ചതെന്നും അവര്‍ പറഞ്ഞു. മാത്രമല്ല ജനസംഖ്യാബാഹുല്യവും സംസ്‌കാരത്തെ ക്ഷയിപ്പിച്ചെന്നും കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിന് ജനസംഖ്യാവര്‍ധനവ് കാരണമായെന്നും തനീഷ അഭിപ്രായപ്പെട്ടു. കൃഷ്ണന്‍ രാധയേയും ശിവന്‍ പാര്‍വ്വതിയേയും ഒരിക്കലും അവമതിച്ചിട്ടില്ലെന്നും അത്തരമൊന്ന് ഒരിക്കലും നമ്മുടെ സംസ്‌കാരത്തിലില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ സ്ത്രീകള്‍ ഏറെ സ്വാതന്ത്ര്യമുള്ളവരാണെന്നും ഏറ്റവും ശക്തരായ സ്ത്രീകളുടെ രാജ്യമാണ് ഇന്ത്യയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മുന്‍കാലത്ത് പുരുഷന്‍മാര്‍ തങ്ങളുടെ വരുമാനം മുഴുവനും അമ്മയുടേയോ ഭാര്യയുടെ കയ്യിലേല്‍പിക്കുന്ന പതിവുണ്ടായിരുന്നതായും ഇന്നും പല വീടുകളിലും അത് തുടരുന്നതായും തനീഷ പറഞ്ഞു. ഇപ്പോഴത്തെ ബോളിവുഡ് സിനിമകളില്‍ ഫെമിനിസത്തെ ചിത്രീകരിക്കുന്ന വിധത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായവും അവര്‍ പങ്കുവെച്ചു. ജോലി ചെയ്യുന്നു എന്ന കാരണം മാത്രം മുന്‍നിര്‍ത്തി അവരെ ശക്തയെന്നും ഫെമിനിസ്റ്റെന്നും മുദ്രകുത്തി ഫെമിനിസം എന്ന ആശയത്തെ വളരെ ലഘൂകരിക്കുകയാണെന്നും തനീഷ കുറ്റപ്പെടുത്തി. പ്രശസ്ത മുന്‍കാലനടി തനൂജയുടേയും സംവിധായകനും നിര്‍മ്മാതാവും എഴുത്തുകാരനുമായിരുന്ന ഷോമു മുഖര്‍ജിയുടേയും മകളാണ് തനീഷ.