രാജ്യം ഡിജിറ്റൽ ആയത് വലിയ മുന്നേറ്റം: മോഹൻലാൽ

രാജ്യം ഡിജിറ്റൽ ആയത് വലിയ മുന്നേറ്റമാണെന്ന് മോഹൻലാൽ. രാജ്യത്ത് ജിഎസ്ടി നടപ്പാക്കി എട്ട് വർഷം പൂർത്തിയാവുന്നതിൻറെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന ജിഎസ്ടി ദിനാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മോഹൻലാൽ. സെൻട്രൽ ടാക്‌സ്, സെൻട്രൽ എക്‌സൈസ് ആൻഡ് കസ്റ്റംസ് തിരുവനന്തപുരം സോണിൻറെ നേതൃത്വത്തിൽ ടാഗോർ തിയറ്ററിൽ നടന്ന സമ്മേളനത്തിൽ മുഖ്യാതിഥി ആയിരുന്നു മോഹൻലാൽ. ധനമന്ത്രി കെ എൻ ബാലഗോപാൽ ആണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.
സാധാരണ ഉണ്ടാകുന്ന എതിർപ്പ് ജിസ്ടിയിലും ഉണ്ടായിരുന്നുവെന്നും മോഹൻലാൽ പരിപാടിയിൽ സംസാരിക്കവെ പറഞ്ഞു. ''സംസ്ഥാനം പിരിച്ചിരുന്ന നികുതി ഇല്ലാതായതായിരുന്നു ആശങ്കയ്ക്ക് കാരണം. എന്നാൽ പിന്നീട് ആ ആശങ്ക മാറി. രാജ്യത്തിന് വേണ്ടി എനിക്ക് ചെയ്യാൻ കഴിയുന്നത് ചെയ്യുന്നുണ്ട്. അണ്ണാറക്കണ്ണനും തന്നാലായത് പോലെ ചെയ്യുന്നു. കൃത്യസമയത്ത് ടാക്സ് നൽകുന്ന ആളാണ്. തിരുവനന്തപുരത്ത് തന്നെയാണ് ജിഎസ്ടി രജിസ്റ്റർ ചെയ്തിട്ടുള്ളത്'', മോഹൻലാൽ പറഞ്ഞു.
മകൾ വിസ്മയയുടെ സിനിമാ അരങ്ങേറ്റത്തെക്കുറിച്ചുള്ള ചോദ്യത്തിന് അതേക്കുറിച്ച് താൻ അറിഞ്ഞിരുന്നില്ലെന്നായിരുന്നു മോഹൻലാലിൻറെ പ്രതികരണം. ഇപ്പോഴാണ് വിവരം താൻ അറിയുന്നതെന്നും മോഹൻലാൽ പറഞ്ഞു. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിലൂടെയാണ് വിസ്മയ മോഹൻലാൽ അഭിനയത്തിൽ അരങ്ങേറുന്നത്. ആദ്യ ചിത്രത്തിൽ നായികാവേഷത്തിലാണ് വിസ്മയ എത്തുക. ആശിർവാദ് സിനിമാസിൻറെ ബാനറിൽ ആൻറണി പെരുമ്പാവൂർ ആണ് ചിത്രത്തിൻറെ നിർമ്മാണം. ആശിർവാദിൻറെ 37-ാമത്തെ ചിത്രവുമാണ് ഇത്.