സൂര്യ ചിത്രം 'കറുപ്പി'ന്റെ ആദ്യ പ്രദർശനങ്ങൾ റദ്ദാക്കി; സാമ്പത്തിക പ്രതിസന്ധി തിരിച്ചടിയായി

  1. Home
  2. Entertainment

സൂര്യ ചിത്രം 'കറുപ്പി'ന്റെ ആദ്യ പ്രദർശനങ്ങൾ റദ്ദാക്കി; സാമ്പത്തിക പ്രതിസന്ധി തിരിച്ചടിയായി

krupp


സൂര്യയെ നായകനാക്കി ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'കറുപ്പി'ന്റെ ആദ്യ പ്രദർശനങ്ങൾ റദ്ദാക്കി. വ്യാഴാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കേണ്ടിയിരുന്ന ഷോകളാണ് സാമ്പത്തിക തർക്കങ്ങളെത്തുടർന്ന് അവസാന നിമിഷം ഒഴിവാക്കിയത്. തമിഴ് സിനിമയും ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രത്തിന്റെ റിലീസിന് ഈ അപ്രതീക്ഷിത തടസ്സം വലിയ തിരിച്ചടിയായിരിക്കുകയാണ്.

നിർമ്മാതാക്കളിലൊരാളായ എസ്.ആർ. പ്രഭു വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് ഷോകൾ റദ്ദാക്കിയ വിവരം എക്സ് (X) പ്ലാറ്റ്‌ഫോമിലൂടെ ഔദ്യോഗികമായി അറിയിച്ചത്. അപ്രതീക്ഷിതമായ കാരണങ്ങളാൽ മോണിംഗ് ഷോകൾ മുടങ്ങിയതിൽ അദ്ദേഹം പ്രേക്ഷകരോട് മാപ്പപേക്ഷിച്ചു. സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കപ്പെടാത്തതാണ് റിലീസ് വൈകാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ ബുക്കിംഗ് ലിസ്റ്റിംഗുകൾ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് അപ്രത്യക്ഷമായതോടെ തന്നെ ആരാധകർക്കിടയിൽ ആശങ്ക പടർന്നിരുന്നു.

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം പുറത്തിറങ്ങുന്ന സൂര്യ ചിത്രമായതിനാൽ വലിയ ആവേശത്തിലായിരുന്നു ആരാധകർ. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം റിലീസ് തീരുമാനിച്ച ചിത്രത്തിന്, മുഖ്യമന്ത്രി വിജയ് രാവിലെ 9 മണിക്ക് പ്രത്യേക ഷോകൾ നടത്താൻ അനുമതിയും നൽകിയിരുന്നു. സർക്കാർ അനുമതി ഉണ്ടായിട്ടും ആഭ്യന്തര സാമ്പത്തിക പ്രശ്നങ്ങൾ കാരണം പ്രദർശനം മുടങ്ങിയത് സിനിമാ ലോകത്ത് വലിയ ചർച്ചയായിട്ടുണ്ട്.

ഡ്രീം വാരിയർ പിക്ചേഴ്സിന്റെ ബാനറിൽ എസ്.ആർ. പ്രകാശ് ബാബുവും എസ്.ആർ. പ്രഭുവും ചേർന്നാണ് 'കറുപ്പ്' നിർമ്മിച്ചിരിക്കുന്നത്. ഇന്ദ്രൻസ്, സ്വാസിക, യോഗി ബാബു തുടങ്ങിയ വൻ താരനിര അണിനിരക്കുന്ന ചിത്രത്തിന് സായി അഭ്യങ്കറാണ് സംഗീതം നൽകിയിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷമുള്ള പ്രദർശനങ്ങളെങ്കിലും പുനരാരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ.