നായികയെ മോശമായി ചിത്രീകരിച്ചു; 'പെഡ്ഡി' വിവാദത്തിൽ ക്ഷമാപണവുമായി സംവിധായകൻ ബുച്ചി ബാബു സന, ദൃശ്യങ്ങൾ മാറ്റും

  1. Home
  2. Entertainment

നായികയെ മോശമായി ചിത്രീകരിച്ചു; 'പെഡ്ഡി' വിവാദത്തിൽ ക്ഷമാപണവുമായി സംവിധായകൻ ബുച്ചി ബാബു സന, ദൃശ്യങ്ങൾ മാറ്റും

peddi


ബിഗ് ബജറ്റ് ചിത്രമായ 'പെഡ്ഡി'യിൽ (Peddi) നായിക ജാൻവി കപൂറിന്റെ കഥാപാത്രത്തെ മോശമായി ചിത്രീകരിച്ചതിനെതിരെ ഉയർന്ന കടുത്ത വിമർശനങ്ങളിൽ ഔദ്യോഗികമായി ക്ഷമാപണം നടത്തി സംവിധായകൻ ബുച്ചി ബാബു സന. ചിത്രത്തിലെ നായികയുടെ കഥാപാത്ര നിർമ്മിതിക്കെതിരെ സോഷ്യൽ മീഡിയയിലടക്കം വൻ പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണ് സിനിമയിലെ വിവാദ ഭാഗങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്ന് സംവിധായകൻ വ്യക്തമാക്കിയത്. താൻ പങ്കുവെച്ച എക്സ് (ട്വിറ്റർ) കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഒരു ചലച്ചിത്ര പ്രവർത്തകൻ എന്ന നിലയിൽ സിനിമ എപ്പോഴും പ്രേക്ഷകരെ രസിപ്പിക്കുന്നതും പ്രചോദിപ്പിക്കുന്നതുമായിരിക്കണം എന്നും, അത് ഒരിക്കലും ആർക്കും അസ്വസ്ഥതയോ അനാദരവോ ഉണ്ടാക്കുന്നതാവരുത് എന്നും അദ്ദേഹം കുറിച്ചു. ചിത്രത്തിലെ ചില രംഗങ്ങളെക്കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതികരണങ്ങൾ തങ്ങൾ ഗൗരവത്തോടെയാണ് സ്വീകരിക്കുന്നത്. വെള്ളിത്തിരയിലും ജീവിതത്തിലും സ്ത്രീകൾക്ക് താൻ എപ്പോഴും വലിയ ബഹുമാനമാണ് നൽകിയിട്ടുള്ളതെന്നും ഒരു സ്ത്രീ കഥാപാത്രത്തെയും മോശമായി ചിത്രീകരിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചിത്രത്തിന്റെ ഏതെങ്കിലും ഭാഗം അത്തരത്തിൽ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നുവെന്നും, ഉയർന്നുവന്ന ആശങ്കകൾ പരിഗണിച്ച് ബന്ധപ്പെട്ട രംഗങ്ങളിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു.

രാം ചരൺ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സ്പോർട്സ് ആക്ഷൻ ഡ്രാമയായ 'പെഡ്ഡി' ജൂൺ 4-നാണ് തിയേറ്ററുകളിലെത്തിയത്. ചിത്രത്തിൽ നായകന് കൃത്യമായ സാമൂഹിക-രാഷ്ട്രീയ ലക്ഷ്യങ്ങൾ നൽകുമ്പോൾ, ജാൻവി കപൂർ അവതരിപ്പിച്ച 'അച്ചിയമ്മ' എന്ന നായിക കഥാപാത്രത്തെ കേവലം ഒരു ഉപഭോഗവസ്തുവായി മാത്രമാണ് ക്യാമറയ്ക്ക് മുന്നിൽ എത്തിച്ചതെന്നായിരുന്നു പ്രധാന വിമർശനം. നായികയുടെ സമ്മതമില്ലാതെ ശരീരത്തിൽ സ്പർശിക്കുന്നതും, വൈദ്യുതി പോകുന്ന സമയത്ത് ബലമായി ചുംബിക്കുന്നതുമായ അതിക്രമങ്ങളെ പ്രണയമെന്ന രീതിയിൽ ചിത്രീകരിച്ചതിനെതിരെ പ്രേക്ഷകരിൽ നിന്നും വലിയ രീതിയിലുള്ള പ്രതിഷേധം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അണിയറപ്രവർത്തകർ തിരുത്തലുകളുമായി രംഗത്തെത്തിയിരിക്കുന്നത്.