ദുൽഖറിന്റെ കരിയറിലെ ഏറ്റവും സ്‌റ്റൈലിഷ് ചിത്രം; 'ഐ ആം ഗെയിം' ഓണത്തിന് തീയേറ്ററുകളിലേക്ക്
മലയാളി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദുൽഖർ സൽമാൻ ചിത്രം 'ഐ ആം ഗെയിം' ഓണം റിലീസായി എത്തുന്നു. തെന്നിന്ത്യയിലെ നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയാക്കിയ ഈ ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലർ ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ്. തന്റെ കരിയറിലെ ഏറ്റവും സ്‌റ്റൈലിഷ് ചിത്രമായിരിക്കും ഇതെന്നും സംവിധായകൻ നഹാസ് ഹിദായത്തിന്റെ താൽപ്പര്യപ്രകാരമാണ് ഇത്തരമൊരു മേക്കോവർ നടത്തിയതെന്നും ദുൽഖർ സൽമാൻ വെളിപ്പെടുത്തി.
മെഗാ ഹിറ്റായ 'ആർഡിഎക്‌സിന്' ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രം ദുൽഖറിന്റെ കരിയറിലെ 40-ാമത്തെ സിനിമയാണ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഷഹബാസ് റഷീദും ആദർശ് സുകുമാരനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അടുത്ത കാലത്തിറങ്ങിയ തന്റെ ചിത്രങ്ങളിൽ വിന്റേജ് ലുക്കിലാണ് എത്തിയതെങ്കിൽ 'ഐ ആം ഗെയിമിൽ' മാസ്-സ്‌റ്റൈലിഷ് രൂപത്തിലാകും ദുൽഖർ എത്തുക.
ആന്റണി വർഗീസ്, മിഷ്‌കിൻ, കയാദു ലോഹർ, കതിർ, പാർഥ് തിവാരി, സംയുക്ത വിശ്വനാഥൻ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിലുള്ളത്. ജേക്‌സ് ബിജോയ് സംഗീതവും അൻപറിവ് മാസ്റ്റേഴ്‌സ് സംഘട്ടനവും നിർവ്വഹിക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ-ഇന്ത്യൻ റിലീസായി 2026 ഓഗസ്റ്റിൽ പുറത്തിറങ്ങും. ജിംഷി ഖാലിദാണ് ഛായാഗ്രഹണം.
