അടുത്ത പാട്ട് ഇളയരാജക്കൊപ്പം; സംഗീത ചക്രവർത്തിക്ക് പൊന്നാടയണിയിച്ച് വേടൻ
മലയാളി റാപ്പ് ലോകത്തെ ആവേശമായി മാറിയ വേടൻ (ഹിരണ്‍ദാസ് മുരളി) തമിഴ് സംഗീത ഇതിഹാസം ഇളയരാജക്കൊപ്പം കൈകോർക്കുന്നു. ഇളയരാജക്ക് പൊന്നാട അണിയിച്ച് ആദരിക്കുന്ന ചിത്രങ്ങൾ വേടൻ തന്നെ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചു. 'സംഗീത ചക്രവർത്തി' എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ഈ ചിത്രങ്ങൾ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.
നേരത്തെ ഒരു അഭിമുഖത്തിൽ തമിഴ് സിനിമയിൽ പ്രവർത്തിക്കാനുള്ള ആഗ്രഹത്തെക്കുറിച്ചും ഇളയരാജയ്ക്കൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചേക്കാമെന്നും വേടൻ സൂചിപ്പിച്ചിരുന്നു. ആ ആഗ്രഹസാഫല്യത്തിന്റെ തുടക്കമായാണ് ആരാധകർ പുതിയ ചിത്രങ്ങളെ കാണുന്നത്. 'മഞ്ഞുമ്മൽ ബോയ്‌സ്' എന്ന ചിത്രത്തിലെ 'വിയർപ്പു തുന്നിയിട്ട കുപ്പായം' എന്ന ഗാനത്തിലൂടെയാണ് വേടൻ മലയാളികൾക്കിടയിൽ തരംഗമായത്. ഈ പാട്ടിലൂടെ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്കാരവും താരം സ്വന്തമാക്കിയിരുന്നു.
ചില ആരോഗ്യപ്രശ്നങ്ങൾ കാരണം സ്റ്റേജ് പരിപാടികളിൽ നിന്ന് താൽക്കാലികമായി വിട്ടുനിന്ന വേടൻ ഇപ്പോൾ പൂർണ്ണ ആരോഗ്യവാനായി തിരിച്ചെത്തിയിരിക്കുകയാണ്. ദുബായിലെ പരിപാടിക്കിടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിച്ചിരുന്ന ഗായകൻ, പിന്നീട് നവംബറിൽ മാറ്റിവെച്ച ദോഹയിലെ പരിപാടി ഡിസംബർ 12-ന് വിജയകരമായി നടത്തിയിരുന്നു. മലയാളത്തിന് പുറമെ തമിഴിലും വലിയ ആരാധകവൃന്ദമുള്ള വേടന്റെ പുതിയ തമിഴ് ഗാനത്തിനായി കാത്തിരിക്കുകയാണ് സംഗീതപ്രേമികൾ.
