'ദി ഒഡീസി' നാളെ തിയറ്ററുകളിലേക്ക്; ഇന്ത്യയിൽ ടിക്കറ്റ് നിരക്ക് 3000 കടന്നു!
സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന വിഖ്യാത സംവിധായകൻ ക്രിസ്റ്റഫർ നോളന്റെ ബ്രഹ്മാണ്ഡ ചിത്രം 'ദി ഒഡീസി' (The Odyssey) നാളെ തിയറ്ററുകളിലെത്തും. 250 മില്യൺ ഡോളർ ചെലവിൽ ഒരുങ്ങുന്ന ചിത്രം നോളന്റെ കരിയറിലെ ഏറ്റവും ചെലവേറിയ സിനിമയാണ്. റിലീസിന് മുന്നോടിയായി ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് പ്രീ-സെയിൽസിലൂടെ മാത്രം ചിത്രം 15 കോടി രൂപയോളം നേടിക്കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ.
ആദ്യദിന ടിക്കറ്റുകൾക്കായി വൻ തിരക്കാണ് അനുഭവപ്പെടുന്നത്. വിദേശത്ത് ബ്ലാക്ക് മാർക്കറ്റിൽ 500 ഡോളർ (ഏകദേശം 47,500 രൂപ) വരെയാണ് ടിക്കറ്റുകൾ വിറ്റുപോയത്. ഇന്ത്യൻ നഗരങ്ങളിലും ടിക്കറ്റ് നിരക്കുകൾ കുതിച്ചുയരുകയാണ്. മുംബൈയിലെ പ്രമുഖ തിയറ്ററുകളിൽ റീക്ലൈനർ സീറ്റുകൾക്ക് 3100 രൂപ വരെയാണ് ഈടാക്കുന്നത്. ഡൽഹിയിൽ 2100 മുതൽ 2500 രൂപ വരെയാണ് നിരക്ക്. ബെംഗളൂരുവിൽ ടിക്കറ്റ് നിരക്ക് 1950 രൂപ വരെ എത്തിയപ്പോൾ ചെന്നൈയിൽ പരമാവധി ടിക്കറ്റ് നിരക്ക് 508.34 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. സാധാരണ സീറ്റുകൾക്ക് 700 മുതൽ 1100 രൂപ വരെയുള്ള നിരക്കുകളിലും ടിക്കറ്റ് ലഭ്യമാണ്.
ട്രോജൻ യുദ്ധത്തിന് ശേഷം സ്വന്തം രാജ്യമായ ഇത്തക്കയിലേക്ക് മടങ്ങാൻ ശ്രമിക്കുന്ന ഒഡീസിയസ് എന്ന ഗ്രീക്ക് രാജാവിന്റെ 10 വർഷം നീളുന്ന സാഹസിക യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. മാറ്റ് ഡാമൺ, ടോം ഹോളണ്ട്, ആൻ ഹാത്‌വേ, പെനിലോപ്പ് ക്രൂസ്, സെൻഡായ, റോബർട്ട് പാറ്റിൻസൺ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
ലോകസിനിമാ ചരിത്രത്തിൽ ആദ്യമായി പൂർണ്ണമായും ഐമാക്സ് (IMAX) ഫിലിം ക്യാമറകളിൽ ചിത്രീകരിച്ച സിനിമയെന്ന പ്രത്യേകതയും 'ദി ഒഡീസി'ക്കുണ്ട്. ഗ്രീസ്, ഇറ്റലി, ഐസ്‌ലാൻഡ് എന്നിവിടങ്ങളിലായി ചിത്രീകരിച്ച സിനിമയുടെ ദൈർഘ്യം 2 മണിക്കൂർ 52 മിനിറ്റാണ്.
