'ദായ്‌റ'യുടെ സെക്കന്റ് ലുക്ക് പുറത്ത്; പൃഥ്വിരാജ്-കരീന ചിത്രത്തിന്റെ ട്രെയ്ലർ ഓഗസ്റ്റ് 31-ന്
മേഘ്‌ന ഗുൽസാർ സംവിധാനം ചെയ്യുന്ന പുതിയ ക്രൈം ത്രില്ലർ ചിത്രം 'ദായ്‌റ'യുടെ രണ്ടാമത്തെ പോസ്റ്റർ പുറത്തുവിട്ടു. പൃഥ്വിരാജ് സുകുമാരനും കരീന കപൂർ ഖാനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ട്രെയ്ലർ ഓഗസ്റ്റ് 31-ന് പുറത്തിറങ്ങും. പോലീസ് ടേപ്പിന്റെ പാളികൾക്കിടയിൽ ഇരുവരും പുറംതിരിഞ്ഞുനിൽക്കുന്ന രീതിയിലാണ് പോസ്റ്റർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
'തൽവാർ', 'റാസി' എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ജംഗ്ലീ പിക്‌ചേഴ്‌സും മേഘ്‌ന ഗുൽസാറും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിൽ പെൻസ്റ്റുഡിയോസും പങ്കാളികളാകുന്നുണ്ട്. യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിക്കുന്ന ചിത്രത്തിന് യഷ് കേസ്വാനി, സീമ അഗർവാൾ, മേഘ്‌ന ഗുൽസാർ എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.
പൃഥ്വിരാജും കരീന കപൂറും ആദ്യമായി ഒന്നിക്കുന്ന ചിത്രം സെപ്റ്റംബർ 18-ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. പെൻ മറുധർ ആണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്.
