വരുന്നു ബാച്ച്‌ലര്‍ പാര്‍ട്ടി രണ്ടാം ഭാഗം; അമല്‍ നീരദിന്റെ മാസ് പ്രഖ്യാപനത്തിൽ ആവേശമായി സിനിമാലോകം
മലയാള സിനിമയിലെ സ്റ്റൈലിഷ് ഹിറ്റുകളിലൊന്നായ 'ബാച്ച്‌ലര്‍ പാര്‍ട്ടി'ക്ക് രണ്ടാം ഭാഗം വരുന്നു. സംവിധായകന്‍ അമല്‍ നീരദ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഈ ആവേശകരമായ പ്രഖ്യാപനം നടത്തിയത്. 'ബാച്ച്‌ലര്‍ പാര്‍ട്ടി ഡൂ' (Bachelor Party D’EUX) എന്നാണ് രണ്ടാം ഭാഗത്തിന് പേരിട്ടിരിക്കുന്നത്. ഫ്രഞ്ച് ഭാഷയില്‍ 'രണ്ട്' എന്ന അര്‍ത്ഥം വരുന്ന വാക്കാണ് D’EUX എന്നത്.
അമല്‍ നീരദ് പ്രൊഡക്ഷന്‍സും ഫഹദ് ഫാസില്‍ പ്രൊഡക്ഷന്‍സും അന്‍വര്‍ റഷീദും സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആദ്യ ഭാഗത്തിന്റെ തുടർച്ചയാകില്ല സിനിമയെന്നും തികച്ചും വ്യത്യസ്തമായ പ്രമേയമായിരിക്കും രണ്ടാം ഭാഗത്തിനുള്ളതെന്നുമാണ് ലഭിക്കുന്ന സൂചനകൾ. ചിത്രത്തിലെ താരനിരയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വമ്പൻ താരങ്ങൾ അണിനിരക്കുമെന്നാണ് റിപ്പോർട്ടുകൾ.
ടൊവിനോ തോമസ്, നസ്ലൻ, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ഫഹദ് ഫാസിൽ, എസ്.ജെ സൂര്യ തുടങ്ങിയവരുടെ പേരുകളാണ് സോഷ്യൽ മീഡിയ ചർച്ചകളിൽ സജീവമായിരിക്കുന്നത്. ഉടൻ തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. 2012-ൽ പുറത്തിറങ്ങിയ ബാച്ച്‌ലര്‍ പാര്‍ട്ടിയിലെ ആക്ഷൻ രംഗങ്ങളും പാട്ടുകളും ഇന്നും സിനിമാ പ്രേമികൾക്കിടയിൽ തരംഗമാണ്. അമൽ നീരദിന്റെയും ഫഹദ് ഫാസിലിന്റെയും അൻവർ റഷീദിന്റെയും കൂട്ടുക്കെട്ട് വീണ്ടും ഒന്നിക്കുമ്പോൾ വലിയ പ്രതീക്ഷയിലാണ് ആരാധകർ.
