'ക്യാമറയുമായി അവര്‍ വന്നു; അങ്ങോട്ടുമിങ്ങോട്ടും നടക്കാന്‍ പറഞ്ഞു, ആദ്യം ഒന്നും മനസിലായില്ല': ചിപ്പി

പാഥേയത്തിലൂടെ മലയാളികളുടെ മനസില്‍ ചേക്കേറിയ താരമാണ് ചിപ്പി. തുടര്‍ന്ന് നിരവധി ചിത്രങ്ങളിലൂടെ ചിപ്പിയെ പ്രേക്ഷകര്‍ ഏറ്റെടുത്തു, അവരുടെ മനസില്‍ ഇടംനല്‍കി. വിവാഹശേഷം ബിഗ്‌സ്‌ക്രീനില്‍നിന്നു വിട്ടുനിന്നെങ്കിലും മിനി സ്‌ക്രീനിലൂടെ ശക്തമായ തിരിച്ചുവരവു താരം നടത്തിയിരുന്നു. സിനിമയിലേക്ക് അവസരം ലഭിച്ചതുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ ചിപ്പി അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്.
ചെറുപ്പം തൊട്ടേ എന്റെ മുഖത്തെ ചിലനേരത്തെ ഭാവങ്ങള്‍ കാണുമ്പോള്‍ നീ സിനിമാ നടിയാകുമെന്നു പറഞ്ഞു കളിയാക്കുമായിരുന്ന എന്റെ ആന്റി കെപിഎസി. ലളിതാന്റിയുടെ സുഹൃത്താണ്. ഭരതന്‍ അങ്കിളിന്റെ 'പാഥേയം' എന്ന സിനിമയില്‍ ഒരു പെണ്‍കുട്ടിയെ ആവശ്യമുണ്ടെന്ന് ലളിതാന്റി പറഞ്ഞപ്പോള്‍ എനിക്കാണ് നറുക്കുവീണത്. എന്റെ ഫോട്ടോ അയച്ചുകൊടുക്കാന്‍ പറഞ്ഞതനുസരിച്ച് ഫോട്ടോയും അയച്ചുകൊടുത്തു. അപ്പോഴും സിനിമയില്‍ വരുമെന്ന പ്രതീക്ഷയൊന്നും എനിക്കുണ്ടായിരുന്നില്ല.
കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ വീട്ടിലേക്കൊരു ഫോണ്‍കോള്‍. ഫോണെടുത്തത് അമ്മയാണ്. മറുവശത്ത് ആണ്‍സ്വരമാണ്. 'നാളെ ഞങ്ങള്‍ ചിപ്പിയുടെ വീട്ടില്‍ വരും, കുറച്ച് സീനുകള്‍ ഷൂട്ടു ചെയ്യണം.'കേട്ടപാതി അമ്മ പറഞ്ഞ മറുപടി; 'ഇവിടെയാരും അഭിനയിക്കുന്നില്ല, നിങ്ങള്‍ക്ക് നമ്പര്‍ മാറിയതാകും.' മറുവശത്ത് മൗനം. കുറച്ചു കഴിഞ്ഞപ്പോള്‍ വീണ്ടുമൊരു ഫോണ്‍. ഇത്തവണ വിളിച്ചത് ലളിതാന്റിയാണ്. ആന്റി പറഞ്ഞിട്ടാണ് അവര്‍ വിളിച്ചത്. നാളെ റെഡിയായിരിക്കണമെന്ന് ആന്റി പറഞ്ഞു.
പിറ്റേന്നു രാവിലെ പത്തുമണിയായപ്പോള്‍ ക്യാമറയുമായി അവരെത്തി. അങ്ങോട്ടുമിങ്ങോട്ടും നടക്കാന്‍ അവര്‍ പറഞ്ഞതനുസരിച്ച് ഞാന്‍ ചെയ്തു. ഇന്ന് അതിനെ സ്‌ക്രീന്‍ ടെസ്റ്റ് എന്നുവിളിക്കാം. കൊടൈക്കനാലിലായിരുന്നു 'പാഥേയ'ത്തിന്റെ ഷൂട്ട്. ആദ്യത്തെ രണ്ടുമൂന്നു ദിവസം എനിക്ക് ഷൂട്ടുണ്ടായിരുന്നില്ലയെങ്കിലും എന്നും ലൊക്കേഷനില്‍ പോകും. നിരന്തരമായ പോക്കുവരവിനിടയില്‍ ലൊക്കേഷനിലുള്ള എല്ലാവരുമായി നല്ല കമ്പനിയായി. സത്യം പറഞ്ഞാല്‍ ഞാനഭിനയിച്ച ഓരോ സീനുകള്‍ കാണുമ്പോള്‍ എനിക്ക് തന്നെ അത്ഭുതമാണ്. അതായത്. ഒരു മുറിയില്‍ നിന്നും മറ്റൊരു റൂമിലേക്കു വരാന്‍ പറയും. അപ്പോള്‍ ഞാനങ്ങനെ ചെയ്യും. അത് ഒരു സീനാണെന്ന് പിന്നെയാണു മനസിലായത്. അഭിനയിക്കുകയാണെന്ന് എനിക്കു തോന്നിയതേയില്ല. അദ്യ ചിത്രത്തിന്റെ ഷൂട്ടിങ് തീരുന്നനിനു മുമ്പ് രണ്ടാമത്തെ ചിത്രവും ലഭിച്ചു.