ഇതാണ് വിക്കി; 'ഐ ആം ഗെയിം' സിനിമയിലെ ആന്റണി വർഗീസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു
ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ചിത്രം 'ഐ ആം ഗെയിം' വൻ വിജയത്തോടെ പ്രദർശനം തുടരുന്നതിനിടെ, ചിത്രത്തിലെ ആന്റണി വർഗീസിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. 'വിക്കി' എന്ന ക്രിക്കറ്റ് താരത്തിന്റെ നിർണ്ണായക കഥാപാത്രത്തെയാണ് ചിത്രത്തിൽ ആന്റണി വർഗീസ് അവതരിപ്പിക്കുന്നത്. ദുൽഖറിന്റെ 'ഡാൻ' എന്ന കഥാപാത്രത്തിനൊപ്പം തന്നെ ഏറെ പ്രേക്ഷകപ്രശംസ നേടുന്ന വേഷമാണിത്.
വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്ന് നിർമ്മിച്ച ചിത്രം പാൻ ഇന്ത്യൻ റിലീസായാണ് തിയേറ്ററുകളിലെത്തിയത്. ദുൽഖർ സൽമാന്റെ 40-ാമത് ചിത്രമായ 'ഐ ആം ഗെയിം' ബോക്സ് ഓഫീസിൽ വൻ കുതിപ്പാണ് നടത്തുന്നത്. ജേക്സ് ബിജോയിയുടെ സംഗീതവും അൻപറിവിന്റെ ആക്ഷൻ രംഗങ്ങളും ജിംഷി ഖാലിദിന്റെ ഛായാഗ്രഹണവും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളാണ്.
മിഷ്കിൻ, കതിർ, കായദു ലോഹർ, വിനയ് ഫോർട്ട് തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്‌ദു എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.
