ജയറാം മതിയെന്ന് നിർമ്മാതാവ്; മുകേഷിനെ നായകനാക്കി, പടം സൂപ്പർ ഹിറ്റ്: തുളസിദാസ്

  1. Home
  2. Entertainment

ജയറാം മതിയെന്ന് നിർമ്മാതാവ്; മുകേഷിനെ നായകനാക്കി, പടം സൂപ്പർ ഹിറ്റ്: തുളസിദാസ്

JAYA


മുകേഷ്, സിദ്ദിഖ്, മധു, ജഗതി ശ്രീകുമാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തുളസി ദാസ് സംവിധാനം ചെയ്ത ചിത്രമാണ് മലപ്പുറം ഹാജി മഹാനായ ജോജി. 1994 ൽ പുറത്തിറങ്ങിയ ചിത്രം അന്ന് വൻ ഹിറ്റായിരുന്നു. ബാബു ജി നായർ കഥയും രാജു കിരിയാത്ത് തിരക്കഥയും നിർവഹിച്ച ചിത്രം നിർമ്മിച്ചത് ബാബു, നജീബ് എന്നിവർ ചേർന്നാണ്.

ഇപ്പോഴിതാ, മലപ്പുറം ഹാജി മഹാനായ ജോജി എന്ന ചിത്രത്തിന് പിന്നിലെ ചില രഹസ്യങ്ങൾ വെളിപ്പെടുത്തുകയാണ് സംവിധായകനായ തുളസിദാസ്.
ചിത്രത്തിൽ ആദ്യം നായകനായി നിർമ്മാതാക്കൾ തീരുമാനിച്ചത് ജയറാമിനെ ആയിരുന്നുവെന്നും എന്നാൽ അദ്ദേഹം പിന്മാറുകയും അതോടെ ആ നിർമ്മാതാക്കളും സിനിമ ഉപേക്ഷിച്ചു എന്നുമാണ് സംവിധായകൻ തുളസി ദാസ് പറയുന്നത്. ജയറാമിന്റെ സ്ഥാനത്ത് പിന്നീട് മുകേഷ് വന്നതിനെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. മാസ്റ്റർ ബിന്നിന് നൽകിയ അഭിമുഖത്തിലാണ് തുളസി ദാസ് ഇക്കാര്യം പറഞ്ഞത്.

'മലപ്പുറം ഹാജി മഹാനായ ജോജി എന്ന സിനിമ തുടങ്ങുമ്പോൾ അതിലെ താരങ്ങൾക്കോ നിർമ്മാതാക്കൾക്കോ അതിൽ പ്രവർത്തിച്ച ആർക്കും തന്നെ സിനിമ സംബന്ധിച്ച് ഒരു വിശ്വസവും ഇല്ലായിരുന്നു. വേറെ ഒരു നിർമാതാവും ഡിസ്ട്രിബ്യൂട്ടറും ആയിരുന്നു സിനിമ ചെയ്യാനിരുന്നത്. അന്ന് സിനിമയിൽ നായകനായി ഉദ്ദേശിച്ചിരുന്നത് ജയറാമിനെ ആയിരുന്നു. ജയറാമിനെയും ജഗദീഷിനെയും വെച്ച് ചെയ്യാനാണ് ആ നിർമാതാവ് എന്നോട് പറഞ്ഞത്,'

'ജയറാമിനോട് കഥ പറഞ്ഞപ്പോൾ അത് അദ്ദേഹത്തിന് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. നമുക്ക് വേറൊരു കഥ ആലോചിക്കാമെന്നാണ് ജയറാം പറഞ്ഞത്. അങ്ങനെയാണ് അദ്ദേഹം ഇതിൽ നിന്ന് പിന്മാറുന്നത്. എന്നാൽ മുകേഷ് ഈ കഥാപാത്രം ചെയ്യണം അദ്ദേഹം ചെയ്താൽ മാത്രമേ സിനിമ നന്നാവുകയുള്ളുവെന്ന് ഞാൻ ആദ്യമേ പറഞ്ഞിരുന്നു. പക്ഷേ ജയറാം ചെയ്യാൻ തയ്യാറാവാത്തതിന്റെ കാരണം കൊണ്ട് ആ നിർമാതാവ് സിനിമയിൽ നിന്നും മാറി. പിന്നീടാണ് ബാബു നജീബ് എന്ന നിർമാതാവ് വരുന്നത്. എന്റെ സുഹൃത്തുക്കൾ ആയിരുന്നു,'

'അവരോട് ആദ്യമേ മുകേഷും സിദ്ദിഖും ആയിരിക്കും നായകന്മാർ എന്ന് ഞാൻ പറഞ്ഞിരുന്നു. നായികയെ പിന്നീട് ആലോചിക്കാമെന്നും ഞാൻ അവരോട് പറഞ്ഞു. കഥകേട്ടിട്ട് അവർക്കും പൂർണ തൃപ്തി വന്നിട്ടില്ലായിരുന്നു. ഒരു ഹാജിയാരുടെ സ്‌കൂളും ആൾമാറാട്ടം നടത്തി പഠിപ്പിക്കാൻ വരുന്ന മാഷിന്റെ കഥയൊക്കെ സ്ഥിരം പാറ്റേൺ അല്ലെ എന്ന സംശയം അവർക്കുണ്ടായിരുന്നു,'

'ഈ സിനിമയെക്കുറിച്ച് എനിക്ക് നല്ല വിശ്വസമുണ്ടെന്നും നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ നമുക്ക് സിനിമ ചെയ്യാമെന്ന് ഞാൻ അവരോട് പറഞ്ഞു. ആ നിർമാതാക്കൾ എന്റെ സുഹൃത്തുക്കളായത് കൊണ്ട് അവർ എന്നെ വിശ്വസിച്ചു. സിനിമ എങ്ങനെ ഉണ്ടാകുമെന്ന് അവർക്കും സംശയമുണ്ടായിരുന്നു. എന്നാൽ ഒരാൾക്ക് മാത്രമാണ് ഇത് സൂപ്പർ ഹിറ്റാകുമെന്ന് ഉറപ്പുണ്ടായിരുന്നത്,'

'ജഗതി ശ്രീകുമാർ ആണ് അത്. അളിയാ ഈ സിനിമ സൂപ്പർ ഹിറ്റാകുമെന്ന് അദ്ദേഹം എപ്പോഴും പറയുമായിരുന്നു. ആ സിനിമ ചെയ്യുമ്പോൾ മുകേഷ് ഡള്ളായി നിൽക്കുന്ന സമയമായിരുന്നു. മുകേഷ് ആണെങ്കിൽ വേണ്ട എന്ന് പറഞ്ഞ നിരവധി ഡിസ്ട്രിബ്യൂട്ടേർസും നിർമാതാക്കളും ഉണ്ടായിരുന്നു. സിദ്ദിഖിനാണ് കുറച്ച് കൂടെ മാർക്കറ്റ് ഉള്ളതെന്ന് പലരും പറഞ്ഞു,'

'സിദ്ദിഖിന്റെ കൂടെ ജഗദീഷിനെ വെക്കാം എന്ന് ചിലർ പറഞ്ഞിരുന്നു. ഞാൻ ഇതൊന്നും കേട്ടില്ല കാരണം എനിക്ക് കഥയിൽ വിശ്വസമുണ്ടായിരുന്നു. ഒരു സിനിമ പരാജയപ്പെട്ടാൽ സംവിധായകന് മാത്രം ആയിരിക്കും കുറ്റം ഉണ്ടാവുകയുള്ളു എന്നാണ് ഞാൻ മനസിലാക്കുന്നത്,'

'അതിൽ എനിക്ക് മറക്കാൻ കഴിയാത്തത് ജഗതി ശ്രീകുമാറിന്റെ പ്രകടനമാണ്. അദ്ദേഹം ചെയ്ത ഒരു രംഗം ഇന്നും മനസിലുണ്ട്. ഞാൻ സിനിമയുടെ രണ്ടാം ഭാഗം ചെയ്യാൻ വേണ്ടി സ്‌ക്രിപ്റ്റ് എല്ലാം തയ്യാറാക്കിയത് ആണ്. മുകേഷും ജഗതിയുമൊക്കെ ആയി സംസാരിച്ചിരുന്നു. പക്ഷെ അത് ചെയ്യാൻ പറ്റിയില്ല. വിധി ജഗതി ചേട്ടന്റെ അവസ്ഥ അങ്ങനെയാക്കി കളഞ്ഞു,' തുളസി ദാസ് പറഞ്ഞു.