ശ്രീനാഥ് ഭാസി ചിത്രം 'ഒറിജിനലി'ന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു; ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളിൽ
റമീസ് എഴുതി സംവിധാനം ചെയ്യുന്ന ടൈം ട്രാവൽ ത്രില്ലർ ചിത്രം 'ഒറിജിനലി'ന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ചിത്രം ഈ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും. പ്രമുഖ താരങ്ങളായ ശ്രീനാഥ് ഭാസി, ഫെമിന ജോർജ്, രാജേഷ് മാധവൻ എന്നിവർ ചേർന്ന് ടിക്കറ്റ് ബുക്കിങ് ആരംഭിച്ച വിവരം അറിയിക്കുന്ന പ്രത്യേക വീഡിയോ ചിത്രത്തിന്റെ പ്രൊഡക്ഷൻ ഹൗസായ മാസ് മീഡിയയുടെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
'നമ്മൾ സമയവുമായി കളിച്ചാൽ, സമയം തിരിച്ചും കളിക്കും' എന്ന കൗതുകമുണർത്തുന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ടൈം ട്രാവൽ, ഫാന്റസി, ഹാസ്യം, വൈകാരിക മുഹൂർത്തങ്ങൾ എന്നിവ കോർത്തിണക്കുന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസിയാണ് ഇരട്ടവേഷത്തിൽ എത്തുന്നത്. അഭിരാം രാധാകൃഷ്ണൻ, സാഫ് ബോയ്, ബിനു പപ്പു, ശ്രീകാന്ത് വെട്ടിയാർ, ഗോകുലൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. മാസ് മീഡിയ, സിക്കു ഫിലിംസ് എന്നീ ബാനറുകളിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ജി.സി.സി വിതരണാവകാശം ഹോം സ്ക്രീൻ എന്റർടെയ്ൻമെന്റ്സാണ് സ്വന്തമാക്കിയിരിക്കുന്നത്. ബുക്ക് മൈ ഷോ, ടിക്കറ്റ്സ് ന്യൂ, ഡിസ്ട്രിക്റ്റ് തുടങ്ങിയ പ്ലാറ്റ്ഫോമുകൾ വഴി പ്രേക്ഷകർക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
