ഇന്ത്യക്കാരെക്കൊണ്ട് പൊറുതിമുട്ടി? ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്ത് 'ടോക്സിക്' നടി
ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന യാഷ് ചിത്രം 'ടോക്സിക്കി'ന്റെ ടീസർ പുറത്തുവന്നതിന് പിന്നാലെ വലിയ ചർച്ചകളാണ് സിനിമാലോകത്ത് നടക്കുന്നത്. യാഷിന്റെ പിറന്നാൾ ദിനത്തിൽ പുറത്തുവിട്ട ടീസറിലെ ചില രംഗങ്ങൾ ലൈംഗിക ചുവയുള്ളതാണെന്ന് ആരോപിച്ച് സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. ഈ രംഗങ്ങളിൽ അഭിനയിച്ച നടിയെക്കുറിച്ചുള്ള അന്വേഷണമാണ് ഒടുവിൽ താരത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് അപ്രത്യക്ഷമാകുന്നതിലേക്ക് നയിച്ചത്.
നടിയും മോഡലുമായ ബിയാട്രിസ് ടൗഫെൻബാക്ക്രയാണ് ടീസറിലെ വിവാദ രംഗങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ആദ്യം ഈ നടി യുക്രൈൻ-അമേരിക്കൻ താരമായ നതാലി ബേൺ ആണെന്നായിരുന്നു വാർത്തകൾ പ്രചരിച്ചിരുന്നത്. എന്നാൽ, ഇത് നതാലി അല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് സംവിധായിക ഗീതു മോഹൻദാസ് തന്നെ രംഗത്തെത്തി. "ഈ സുന്ദരിയാണ് എന്റെ സെമിത്തേരി ഗേൾ" എന്ന് കുറിച്ചുകൊണ്ട് ബിയാട്രിസിനെ ടാഗ് ചെയ്ത് ഗീതു ചിത്രം പങ്കുവെച്ചിരുന്നു. ഇതോടെയാണ് ആരാധകരും വിമർശകരും കൂട്ടത്തോടെ ബിയാട്രിസിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലേക്ക് എത്തിയത്.
അക്കൗണ്ട് ശ്രദ്ധിക്കപ്പെട്ടതിന് പിന്നാലെ വലിയ തോതിലുള്ള സൈബർ ആക്രമണങ്ങളും കമന്റുകളുമാണ് താരത്തിന് നേരിടേണ്ടി വന്നതെന്നാണ് റിപ്പോർട്ടുകൾ. ഇതിന് പിന്നാലെയാണ് ബിയാട്രിസ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് തന്നെ ഡിലീറ്റ് ചെയ്തത്. ടീസറിലെ ബോൾഡ് രംഗങ്ങളെച്ചൊല്ലി മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ ആരാധകരുടെ ഭാഗത്തുനിന്ന് രൂക്ഷമായ പ്രതികരണങ്ങളാണ് ഉണ്ടായത്. 'ടോക്സിക്' എന്ന ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ചും ഗീതു മോഹൻദാസിന്റെ സംവിധാന ശൈലിയെക്കുറിച്ചും സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള തർക്കങ്ങൾ ഇപ്പോഴും തുടരുകയാണ്.
