ടൊവിനോ തോമസിന്റെ 'പള്ളിച്ചട്ടമ്പി'; ആവേശം നിറച്ച് ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

  1. Home
  2. Entertainment

ടൊവിനോ തോമസിന്റെ 'പള്ളിച്ചട്ടമ്പി'; ആവേശം നിറച്ച് ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

tovino


പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ടൊവിനോ തോമസ് ചിത്രം 'പള്ളിച്ചട്ടമ്പി'യുടെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ഈ പീരീഡ് ഡ്രാമ ത്രില്ലർ ഏപ്രിൽ 10-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. കയാദു ലോഹർ നായികയാകുന്ന ചിത്രത്തിന്റെ ടീസറിലെ ദൃശ്യമികവ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.

1950-60 കാലഘട്ടത്തിലെ കഥ പറയുന്ന ചിത്രം അഞ്ച് ഭാഷകളിലായാണ് റിലീസ് ചെയ്യുന്നത്. വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ നൗഫൽ, ബ്രിജീഷ് എന്നിവർക്കൊപ്പം സി ക്യൂബ് ബ്രോസ് എന്റർടൈന്മെന്റും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഹിറ്റ് തിരക്കഥാകൃത്ത് എസ്. സുരേഷ് ബാബുവാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ടിജോ ടോമിയാണ് ഛായാഗ്രഹണം.

ജേക്ക്‌സ് ബിജോയ് സംഗീതം നൽകിയ ചിത്രത്തിലെ 'കാട്ടുചെമ്പകം' എന്ന ഗാനം നേരത്തെ തന്നെ ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിച്ചിരുന്നു. ബോളിവുഡ് ഗായകൻ വിശാൽ മിശ്ര ആദ്യമായി മലയാളത്തിൽ ആലപിച്ച ഗാനം കൂടിയാണിത്. വിജയരാഘവൻ, സുധീർ കരമന, ബാബുരാജ്, വിനോദ് കെടാമംഗലം തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ക്വീൻ, ജന ഗണ മന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഡിജോ ജോസ് ആന്റണിയും ജേക്ക്‌സ് ബിജോയിയും ഒന്നിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണ് 'പള്ളിച്ചട്ടമ്പി'.