സൂര്യ നായകനാകുന്ന ‘കറുപ്പ്’ സിനിമയുടെ റിലീസിൽ അപ്രതീക്ഷിത പ്രതിസന്ധി
സൂര്യ നായകനാകുന്ന ‘കറുപ്പ്’ സിനിമയുടെ റിലീസിൽ അപ്രതീക്ഷിത പ്രതിസന്ധി. രാവിലെ ഒൻപത് മണിക്കുള്ള സിനിമയുടെ തമിഴ്നാട്ടിലെയും കേരളത്തിലെയും പ്രദർശനങ്ങൾ റദ്ദാക്കി. ഡ്രീം വാരിയർ പിക്ചേഴ്സിന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഇതിനു കാരണം. ഇതാദ്യമായല്ല ഈ ബാനറിന്റെ സിനിമകൾക്ക് ആദ്യ ദിവസം റിലീസ് പ്രതിസന്ധി ഉണ്ടാകുന്നത്.
ഷോകൾ നിർത്തിവെച്ചത് ആരാധകരേയും നിരാശയിലാഴ്ത്തി. കോടിക്കണക്കിന് രൂപയുടെ നഷ്ടമാകും ഇതിലൂടെ തിയറ്റർ ഇൻഡസ്ട്രിക്കും വിതരണക്കാർക്കും നിർമാതാക്കൾക്കു സംഭവിക്കുക. ഏകദേശം 50 കോടി രൂപയുടെ സാമ്പത്തിക ഇടപാട് ഒത്തുതീർപ്പാക്കിയാൽ മാത്രമേ റിലീസ് സാധ്യമാകൂ എന്നും റിപ്പോർട്ട് ഉണ്ട്.
ചിത്രത്തിന്റെ നിർമാതാക്കളിലൊരാളായ എസ്.ആർ. പ്രഭു മെയ് 14 പുലർച്ചെ ഒരുമണിയോടെയാണ് ഷോകൾ റദ്ദാക്കിയ വിവരം എക്സ് പ്ലാറ്റ്‌ഫോമിലൂടെ ഔദ്യോഗികമായി അറിയിച്ചത്. ഒഴിവാക്കാനാവാത്ത കാരണങ്ങളാൽ 9 മണിയുടെ ഷോകൾ റദ്ദാക്കേണ്ടി വന്നതിൽ അദ്ദേഹം പ്രേക്ഷകരോട് മാപ്പപേക്ഷിക്കുകയും ചെയ്തുറിലീസിന് തലേദിവസം തന്നെ തിയേറ്റർ ഉടമകൾ സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ച് സൂചനകൾ നൽകിയിരുന്നു. സംവിധായകനും നടനുമായ ആർ.ജെ. ബാലാജി മേയ് 13 രാത്രിയോടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചിരുന്നെങ്കിലും അത് സാധ്യമായില്ല. ബുക്കിങ് പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ചിത്രത്തിന്റെ ലിസ്റ്റിംഗ് അപ്രത്യക്ഷമായതോടെ തന്നെ റിലീസ് മാറ്റിവെക്കപ്പെടുമെന്ന ആശങ്ക പടർന്നിരുന്നു. 11 മണി ഷോയുടെ അറിയിപ്പും തിയറ്ററുകാർക്ക് ലഭിച്ചിട്ടില്ലെന്നാണ് കേൾക്കുന്നത്.
