സോഷ്യൽ മീഡിയയിലെ വ്യക്തിപരമായ ഇടപെടലുകളിൽ നിന്ന് പിന്മാറി ഉണ്ണി മുകുന്ദൻ; ഇനി പ്രൊഫഷണൽ അപ്‌ഡേറ്റുകൾ മാത്രം

  1. Home
  2. Entertainment

സോഷ്യൽ മീഡിയയിലെ വ്യക്തിപരമായ ഇടപെടലുകളിൽ നിന്ന് പിന്മാറി ഉണ്ണി മുകുന്ദൻ; ഇനി പ്രൊഫഷണൽ അപ്‌ഡേറ്റുകൾ മാത്രം

unni mukundan


സോഷ്യൽ മീഡിയയിലെ വ്യക്തിപരമായ ഇടപെടലുകളിൽ നിന്ന് താൽക്കാലികമായി പിന്മാറുകയാണെന്ന് പ്രഖ്യാപിച്ച് നടൻ ഉണ്ണി മുകുന്ദൻ. ഇനി മുതൽ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂർണ്ണമായും പ്രൊഫഷണൽ ആവശ്യങ്ങൾക്കും സിനിമാ സംബന്ധമായ ഔദ്യോഗിക അറിയിപ്പുകൾക്കും മാത്രമായിരിക്കും ഉപയോഗിക്കുകയെന്ന് താരം വ്യക്തമാക്കി. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ഔദ്യോഗിക കുറിപ്പിലാണ് ഉണ്ണി മുകുന്ദൻ ഇക്കാര്യം അറിയിച്ചത്.

അക്കൗണ്ടുകളുടെ തുടർന്നുള്ള മേൽനോട്ടവും നടത്തിപ്പും '22 ഫ്രെയിംസ് ടാലന്റ് ഏജൻസി'യെ ഏൽപ്പിച്ചതായും നടൻ കുറിപ്പിൽ പറയുന്നു. സിനിമകളുടെ പ്രഖ്യാപനങ്ങൾ, പ്രൊമോഷനുകൾ, പ്രൊഫഷണൽ അപ്‌ഡേറ്റുകൾ, മാധ്യമ വാർത്തകൾ എന്നിവ കൃത്യവും ആധികാരികവുമായി പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിനാണ് ഇത്തരമൊരു തീരുമാനമെടുത്തത്. പ്രേക്ഷകരുമായി സംവദിക്കാനും അവരുടെ സ്നേഹവും പിന്തുണയും അനുഭവിക്കാനും ലഭിച്ച മനോഹരമായ ഒരിടമാണ് സോഷ്യൽ മീഡിയയെന്നും, സാന്നിധ്യത്തിൽ മാറ്റങ്ങളുണ്ടായേക്കാമെങ്കിലും ആരാധകരുടെ സ്നേഹത്തിനുള്ള നന്ദി എന്നും ഒരുപോലെ നിലനിൽക്കുമെന്നും അദ്ദേഹം കുറിച്ചു.

അതേസമയം, സംവിധായകനായി അരങ്ങേറ്റം കുറിക്കാനുള്ള ഒരുക്കത്തിലാണ് ഉണ്ണി മുകുന്ദൻ ഇപ്പോൾ. ഉണ്ണി മുകുന്ദൻ ഫിലിംസും ബോളിവുഡ് നിർമ്മാണക്കമ്പനിയായ പനോരമ സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ കാസ്റ്റിങ് അടക്കമുള്ള പ്രവർത്തനങ്ങളുമായി '22 ഫ്രെയിംസ്' സഹകരിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടുകയും ആരാധകരുടെ കമന്റുകൾക്ക് മറുപടി നൽകുകയും ചെയ്തിരുന്ന താരത്തിന്റെ പുതിയ തീരുമാനം ആരാധകരെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്.