വിദ്യ ബാലൻ വീണ്ടും തമിഴിലേക്ക്; 'ജയിലർ 2' വിൽ രജിനികാന്തിനൊപ്പം
രജിനി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ 'ജയിലർ 2' വിൽ നടി വിദ്യ ബാലനും ഉണ്ടാകുമെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇതിഹാസ താരം രജനികാന്ത് ടൈഗർ മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രമായാണ് ചിത്രത്തിലെത്തുന്നത്.
വിദ്യ ബാലന് കഥ ഇഷ്ടമായെന്നും, അവർ 'ജയിലർ 2' വിൻ്റെ കരാർ ഒപ്പിട്ടെന്നും 'പിങ്ക്‌വില്ല' റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ ഒന്നും പുറത്തു വന്നിട്ടില്ല. ഈ വർഷം മാർച്ച് 10 മുതലാണ് 'ജയിലർ 2' വിൻ്റെ ചിത്രീകരണം ആരംഭിച്ചത്. ചെന്നൈ, പാലക്കാട്, ഗോവ എന്നിവിടങ്ങളാണ് ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷനുകൾ. നിലവിൽ ആക്ഷൻ രംഗങ്ങളുടെ ചിത്രീകരണമാണ് നടന്നുകൊണ്ടിരിക്കുന്നത്. അടുത്ത വർഷം ഓഗസ്റ്റ് 14 ന് ചിത്രം റിലീസിനെത്തും.
ജയിലർ 2 വിൽ മോഹൻലാൽ, ശിവരാജ്കുമാർ, നന്ദമൂരി ബാലകൃഷ്ണ, മിഥുൻ ചക്രവർത്തി എന്നിവരുണ്ടാകുമെന്നാണ് റിപ്പോർട്ട്. ആദ്യ ഭാഗത്തിലെ മോഹൻലാലിൻ്റെ 'മാത്യു' എന്ന കഥാപാത്രത്തിന് വലിയ ആരാധക പിന്തുണ ലഭിച്ചിരുന്നു. നടൻ വിനായകനും രണ്ടാം ഭാഗത്തിൽ ഉണ്ടാകുമെന്നും വിവരമുണ്ട്. 2023-ൽ പുറത്തിറങ്ങിയ 'ജയിലർ'ൻ്റെ ആദ്യ ഭാഗം 200 കോടിയിലധികം കളക്ഷൻ നേടിയിരുന്നു. രജനികാന്തിനൊപ്പം രമ്യ കൃഷ്ണൻ, മിർണ മേനോൻ, വിനായകൻ, വസന്ത് രവി എന്നിവരും ആദ്യ ഭാഗത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു.
