വേറിട്ട ലുക്കിൽ വിജയരാഘവൻ; 'ഓട്ടം തുള്ളൽ' സിനിമയിലെ രണ്ടാമത്തെ ഗാനം മഞ്ജു വാര്യർ പുറത്തുവിട്ടു
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഓട്ടം തുള്ളൽ' എന്ന സിനിമയിലെ രണ്ടാമത്തെ ഗാനം നടി മഞ്ജു വാര്യർ പുറത്തുവിട്ടു. ക്ഷേത്രോത്സവത്തിന്റെ അന്തരീക്ഷ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ഗാനം ചിത്രത്തിന്റെ ടൈറ്റിൽ ട്രാക്കായാണ് എത്തുന്നത്. ആദ്യാ പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്ന ചിത്രം ജെ.കെ.എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹൻ നെല്ലിക്കാട്ടാണ് നിർമ്മിക്കുന്നത്. ചിത്രം സെപ്റ്റംബർ 18-ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
നാട്ടിൻപുറത്തെ ഒരു കുടുംബത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ ഗ്രാമത്തിന്റെ മുഴുവൻ പ്രശ്നമായി മാറുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളും തികഞ്ഞ നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ഒരു തനി നാടൻ കഥയാണ് ചിത്രം സംസാരിക്കുന്നത്. സിറിയക്ക് ആലഞ്ചേരി കോ-പ്രൊഡ്യൂസറും ഹിരൺ മഹാജൻ, ജി. മാർത്താണ്ഡൻ എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരുമാണ്.
വിജയരാഘവൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ്, ടിനി ടോം, ഹരിശ്രീ അശോകൻ, മനോജ് കെ.യു, ജിയോ ബേബി, സിദ്ധാർത്ഥ് ശിവ, പൗളി വത്സൻ, സേതുലക്ഷ്മി തുടങ്ങി വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്.
