വിജയ്‍യുടെ 'ജനനായകൻ' മേയ് എട്ടിന് തിയേറ്ററുകളിലേക്ക്

  1. Home
  2. Entertainment

വിജയ്‍യുടെ 'ജനനായകൻ' മേയ് എട്ടിന് തിയേറ്ററുകളിലേക്ക്

jananayakan


സെൻസർ ബോർഡുമായുള്ള നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ ഇളയദളപതി വിജയ്‍യുടെ ബ്രഹ്മാണ്ഡ ചിത്രം 'ജനനായകൻ' റിലീസിനൊരുങ്ങുന്നു. ചിത്രം മേയ് എട്ടിന് ലോകമെമ്പാടും പ്രദർശനത്തിനെത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. പൂർണ്ണസമയ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ഇറങ്ങുന്നതിന് മുൻപ് വിജയ് നായകനായി എത്തുന്ന അവസാന ചിത്രം എന്ന പ്രത്യേകതയും 'ജനനായക'നുണ്ട്. എച്ച്. വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം നേരത്തെ 2026 ജനുവരിയിൽ പൊങ്കൽ റിലീസായി നിശ്ചയിച്ചിരുന്നതാണ്. അന്ന് 100 കോടി രൂപയിലധികം അഡ്വാൻസ് ബുക്കിംഗ് നേടി റെക്കോർഡ് ഇട്ടിരുന്നെങ്കിലും സെൻസർ ക്ലിയറൻസ് ലഭിക്കാത്തതിനാൽ റിലീസ് മാറ്റിവെക്കുകയായിരുന്നു. ഇതിനിടെ ചിത്രത്തിന്റെ ചില ഭാഗങ്ങൾ ഓൺലൈനിൽ ചോർന്നത് ആശങ്കയുണ്ടാക്കിയെങ്കിലും വിജയ്‍യുടെ താരമൂല്യം ബോക്സ് ഓഫീസിൽ വലിയ ചലനം സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവർത്തകർ. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് ചിത്രം റിലീസ് ചെയ്യുന്നത് എന്നതും ശ്രദ്ധേയമാണ്.

ഒരു മുൻ പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് വിജയ് ചിത്രത്തിൽ എത്തുന്നത്. ബോളിവുഡ് താരം ബോബി ഡിയോൾ വില്ലനായി എത്തുമ്പോൾ പൂജ ഹെഗ്‌ഡെയാണ് നായിക. മമിത ബൈജു, ഗൗതം വാസുദേവ് മേനോൻ, പ്രകാശ് രാജ്, പ്രിയാമണി, നരേൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. അനിരുദ്ധ് രവിചന്ദർ ഒരുക്കുന്ന സംഗീതം ഇതിനോടകം തന്നെ ആരാധകർക്കിടയിൽ ആവേശമായിക്കഴിഞ്ഞു. പ്രിയതാരത്തെ വെള്ളിത്തിരയിൽ അവസാനമായി കാണാനുള്ള ആവേശത്തിലാണ് ആരാധകർ.