'അത് നാട്ടിലെ ചില വിഷങ്ങൾ എഴുതിവിടുന്നത്'; ജയിലറിലെ പ്രതിഫലം 35 ലക്ഷമെന്ന പ്രചാരണങ്ങളെ തള്ളി വിനായകൻ

  1. Home
  2. Entertainment

'അത് നാട്ടിലെ ചില വിഷങ്ങൾ എഴുതിവിടുന്നത്'; ജയിലറിലെ പ്രതിഫലം 35 ലക്ഷമെന്ന പ്രചാരണങ്ങളെ തള്ളി വിനായകൻ

Vinayakan


ജയിലറിൽ തനിക്ക് ലഭിച്ച പ്രതിഫലത്തേക്കുറിച്ച് വെളിപ്പെടുത്തി നടൻ വിനായകൻ. 35 ലക്ഷമാണ് തന്റെ പ്രതിഫലമെന്ന പ്രചാരണങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. അതിനൊക്കെ എത്രയോ ഇരട്ടിയാണ് ജയിലറിന് പ്രതിഫലമായി ലഭിച്ചതെന്ന് വിനായകൻ പറഞ്ഞു. തന്നെ അവർ സെറ്റിൽ പൊന്നുപോലെയാണ് നോക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

35 ലക്ഷമല്ല തനിക്ക് ലഭിച്ച പ്രതിഫലമെന്ന് സാർക്ക് ന്യൂസ് എന്ന യൂട്യൂബ് ചാനലിനോടാണ് വിനായകൻ പ്രതികരിച്ചത്. അതൊക്കെ നുണയാണ്. നിർമാതാവ് അതൊന്നും കേൾക്കണ്ട. അതിന്റെ ഇരട്ടിയുടെ ഇരട്ടിയുടെ ഇരട്ടി ലഭിച്ചിട്ടുണ്ട്. നാട്ടിലെ ചില വിഷങ്ങൾ എഴുതി വിടുന്നതാണ് 35 ലക്ഷമെന്നൊക്കെ. എന്തായാലും അതിൽ കൂടുതൽ ലഭിച്ചു. ചോദിച്ച പ്രതിഫലമാണ് അവർ തന്നത്. സെറ്റിൽ പൊന്നുപോലെ നോക്കി. ചെയ്ത ജോലിക്ക് കൃത്യമായ ശമ്പളം ജയിലറിൽ ലഭിച്ചെന്നും തനിക്ക് അത്രയൊക്കെ മതിയെന്നും വിനായകൻ പറഞ്ഞു.

''പുറത്തിറങ്ങി അഭിനയിക്കാൻ എനിക്ക് താൽപര്യമില്ല. അതുകൊണ്ടാണ് പുറത്തോട്ടുപോകാത്തത്. അറിയാത്ത ആളുകളുടെ മുഖത്തുനോക്കി ചിരിക്കാൻ പറ്റില്ല. അതൊരു മോശം കാര്യമായിട്ടാണ് തോന്നിയിട്ടുള്ളത്. ജയിലറിനെ സംബന്ധിച്ചിടത്തോളം ഒരു വർഷമാണ് വർമൻ എന്ന കഥാപാത്രത്തെ ഹോൾഡ് ചെയ്തുവെച്ചത്. ഷൂട്ടില്ലെങ്കിൽ ആ കഥാപാത്രത്തേക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കും. പൊട്ടിത്തകർന്നുപോയി ഒരു കൊല്ലം. ഇത്രയും സ്‌ട്രെച്ച് ചെയ്ത് വേറൊരു കഥാപാത്രവും ചെയ്തിട്ടില്ല.'' വർമനേക്കുറിച്ച് വിനായകന്റെ പ്രതികരണം ഇങ്ങനെ.

തന്റെ രാഷ്ട്രീയത്തേക്കുറിച്ച് വിനായകന്റെ വാക്കുകൾ ഇങ്ങനെ: ''രാഷ്ട്രീയം ഇഷ്ടമാണ്. സംഘടനാരാഷ്ട്രീയത്തിലൊന്നും ബന്ധപ്പെട്ട് ജീവിക്കുന്ന ആളല്ല ഞാൻ. ഇടതുപക്ഷത്തിന് വോട്ടു ചെയ്യുന്നുവെന്നു മാത്രം. എന്റെ വീട്ടിലുള്ളവരെല്ലാം ഇടതുപക്ഷ ചായ്വുള്ളവരാണ്. ബന്ധുക്കളൊക്കെ പാർട്ടി അംഗങ്ങളാണ്. എനിക്ക് അംഗത്വമില്ല. ഞാനൊരു ദൈവ വിശ്വാസിയാണ്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ ഒരു സോഷ്യലിസ്റ്റ് ആണ്.''

തനിക്കുപറയേണ്ടത് സമൂഹമാധ്യമങ്ങളിലൂടെ പറയാറുണ്ട്. അത് എത്തേണ്ടടത്ത് എത്തിക്കഴിഞ്ഞാൽ അത് മാറ്റിക്കളയും. എത്തിക്കണമെന്ന് കരുതിത്തന്നെയാണ് അത് പോസ്റ്റ് ചെയ്യുന്നത്. ചിലർ പറയും പിൻവലിച്ചു എന്ന്. അത് പിൻവലിക്കുന്നതല്ല, കുറച്ച് അഴക്കു കിടക്കുന്നത് മാറ്റുന്നതാണെന്നും വിനായകൻ കൂട്ടിച്ചേർത്തു.