ലൈംഗിക അതിക്രമങ്ങൾ ഉണ്ടായിട്ടില്ല, എന്നാൽ പണം തരാതെ പറ്റിച്ചിട്ടുണ്ട്: വിൻസി അലോഷ്യസ് പറയുന്നു
യുവനിരയിലെ ശ്രദ്ധേയയായ നടിയാണ് വിൻസി അലോഷ്യസ്. ചുരുക്കം സിനിമകളിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയതാരത്തിന്റെ വ്യത്യസ്തമായ സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ താരം നടത്തിയ വെളിപ്പെടുത്തലുകൾ ആരാധകർ ഏറ്റെടുത്തു.
അഞ്ച് വർഷമായി സിനിമയിൽ എത്തിയിട്ട്, തനിക്കുനേരേ ലൈംഗികാത്രികമങ്ങൾ ഉണ്ടായിട്ടില്ല. എന്നാൽ പറഞ്ഞ തുക തരാതെ പറ്റിക്കപ്പെട്ടിട്ടുണ്ട്. പ്രതിഫലത്തിന് കരാർ പോലും പല സിനിമകളിലും ഉണ്ടായിട്ടില്ല. അഡ്വാൻസ് പോലും കിട്ടാതെ സിനിമ ഷൂട്ട് ചെയ്യേണ്ടി വന്നിട്ടുണ്ട്. ലൈംഗികാതിക്രമം പോലെ തന്നെ പ്രാധാന്യമുള്ളതാണ് തൊഴിലിടങ്ങളിലെ ലിംഗ സമത്വവും. അതിന് വേണ്ടി സർക്കാരുകളും സംഘടനകളും ഒന്നിച്ച് നിൽക്കേണ്ട സമയമാണിത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇപ്പോൾ പുറത്തുവന്ന കാര്യങ്ങൾ ഞെട്ടിക്കുന്നതാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് കേൾക്കുന്നത്. ഞാനും എല്ലാവരെയും പോലെ എന്താണ് സത്യാവസ്ഥ എന്നറിയാൻ കാത്തിരിക്കുകയാണ്. ലൈംഗിക അതിക്രമം നേരിട്ടുവെന്ന് പറഞ്ഞ് ഒരാൾ വരുമ്പോൾ സത്യാവസ്ഥ എന്താണെന്ന് പരിശോധിക്കാൻ നമ്മൾ തയാറാവണം- വിൻസി അലോഷ്യസ് പറഞ്ഞു.