ഭാര്യ വീട്ടിലില്ലെങ്കിൽ ഞാനാ വീട്ടിലേക്ക് പോകില്ല; ഹോട്ടലിൽ മുറിയെടുത്ത് താമസിക്കും: നാദിർഷ

  1. Home
  2. Entertainment

ഭാര്യ വീട്ടിലില്ലെങ്കിൽ ഞാനാ വീട്ടിലേക്ക് പോകില്ല; ഹോട്ടലിൽ മുറിയെടുത്ത് താമസിക്കും: നാദിർഷ

nadirshah


 സംവിധായകനും നടനുമാണ് നാദിർഷ. അബി, ദിലീപ്, നാദിർഷ, കലാഭവൻ മണി തുടങ്ങിയവരെല്ലാം സ്റ്റേജ് ഷോകളിൽ തിളങ്ങിയ ഒരു കാലഘട്ടമുണ്ടായിരുന്നു. ദിലീപുൾപ്പെടെയുള്ള സുഹൃത്തുക്കൾ സിനിമയിലേക്ക് ക‌ടന്ന് വന്ന് താരമായപ്പോഴും നാദർഷയ്ക്ക് വർഷങ്ങൾക്കിപ്പുറമാണ് സിനിമാ ലോകത്ത് തന്റേതായൊരു സ്ഥാനം നേടാൻ സാധിച്ചത്. അമർ അക്ബർ അന്തോണി എന്ന സിനിമ സംവിധാനം ചെയ്ത് പ്രേക്ഷക പ്രീതി നേടാൻ നാദിർഷയ്ക്ക് കഴിഞ്ഞു.

പൃഥിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവർ പ്രധാന വേഷം ചെയ്ത സിനിമ 2015 ലെ വൻ ഹിറ്റുകളിലൊന്നായി. എന്നാൽ പിന്നീടിങ്ങോട്ട് നാദിർഷയ്ക്ക് തുടരെ വിജയം ആവർത്തിക്കാൻ കഴിഞ്ഞില്ല. അടുത്ത സുഹൃത്തായ ദിലീപിനെ നായകനാക്കി ചെയ്ത കേശു ഈ വീടിന്റെ നാഥൻ,ഒടുവിൽ റിലീസ് ചെയ്ത ഈശോ എന്നീ സിനിമകൾ പരാജയപ്പെട്ടു. കരിയറിനൊപ്പം തന്റെ കുടുംബ ജീവിതത്തിനും നാദിർഷ വലിയ പ്രാധാന്യം നൽകുന്നുണ്ട്. ഭാര്യയോടുള്ള സ്നേഹത്തെക്കുറിച്ച് നാദിർഷ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ഭാര്യ വീട്ടിലില്ലെങ്കിൽ തനിക്ക് വീട്ടിലേക്ക് പോകാൻ തോന്നില്ലെന്ന് നാ​ദിർഷ പറയുന്നു. മിർച്ചി മലയാളത്തോടാണ് പ്രതികരണം. ഭാര്യ വീട്ടിലില്ലെങ്കിൽ നിനക്കിന്ന് ലോട്ടറി അടിച്ചല്ലോ എന്ന് പറയുന്ന ഭർത്താക്കൻമാരുണ്ട്. ഭാര്യയില്ലാത്തത് കൊണ്ട് അവനിന്ന് അർമാദിക്കും എന്ന് പറയുന്നവരുണ്ട്. ഞാനപ്പോൾ ആലോചിക്കാറുണ്ട്. ഭാര്യ വീട്ടിലില്ലെങ്കിൽ ഞാനാ വീട്ടിലേക്ക് പോകില്ല. കാരണം ഡോർ തുറക്കുമ്പോൾ മക്കളെയും ഭാര്യയെയും സ്ഥിരം കാണുന്നതാണ്. അവരില്ലെങ്കിൽ ഹോട്ടലിൽ റൂമെടുത്ത് അവിടെ താമസിക്കും.

അങ്ങനെ ചെയ്തിട്ടുണ്ടെന്നും നാ​ദിർഷ വ്യക്തമാക്കി. ഷാഹിന എന്നാണ് നാദിർഷയുടെ ഭാര്യയുടെ പേര്. ആയിഷ നാദിർഷ, ഖദീജ നാ​ദിർഷ എന്നിവരാണ് നാദിർഷയുടെ മക്കൾ. മുമ്പൊരിക്കൽ തന്റെ വിവാഹ തിയ്യതി മറന്ന് പോയ സംഭവത്തെക്കുറിച്ച് നാദിർഷ സംസാരിച്ചിട്ടുണ്ട്. ഏപ്രിൽ 12 നായിരുന്നു വിവാഹം. കല്യാണം ഉറപ്പിച്ച ശേഷം ഒരാൾ വിളിച്ച് പ്രോ​ഗ്രാം ബുക്ക് ചെയ്തു. വിവാഹമാണെന്ന് ഓർക്കാതെ ഏപ്രിൽ 12 ന് ബുക്ക് ചെയ്തു. എ​ഗ്രിമെന്റ് എഴുതി. എന്നാൽ ആ ഡേറ്റിൽ എന്തോ സംഭവമുണ്ടെന്ന് മനസിൽ തോന്നി.അപ്പോഴും വിവാഹമാണെന്ന് ഓർക്കുന്നില്ല. തിയതി തന്റെ മനസിൽ വരുന്നുണ്ട്. ഉടനെ അനിയനെ വിളിച്ച് ഏപ്രിൽ 12 ന് എവിടെയെങ്കിലും പ്രോ​ഗ്രാമുണ്ടോ എന്ന് ചോദിച്ചു. ഇത് കേട്ട് തമാശ പറയുകയാണോ എന്നാണ് അവൻ ചോദിച്ചത്. ഇക്കാക്കയുടെ കല്യാണമല്ലേ അന്ന് എന്നവൻ ചോദിച്ചപ്പോഴാണ് വിവാഹക്കാര്യം ഓർമ്മ വന്നത്. ഇതോടെ ആ പ്രോ​ഗ്രാമിന്റെ ഡേറ്റ് മാറ്റുകയായിരുന്നെന്നും അന്ന് നാദിർഷ ഓർത്തു.

ഈശോ ആണ് നാദിർഷയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ജയസൂര്യ നായകനായെത്തിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. റിലീസിന് മുമ്പ് സിനിമയുടെ പേരുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്നിരുന്നു. ഈശോ എന്ന പേരും ടാ​ഗ് ലൈനും മതവികാരത്തെ പ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ച് ക്രെെസ്തവ സംഘടനകൾ രം​ഗത്ത് വന്നു. ഇതോടെ നോട്ട് ഫ്രം ദ ബൈബിൾ എന്ന ‌ടാ​ഗ് ലൈൻ മാറ്റി.