വിജയ്‌യുമായുള്ള ദീർഘകാലത്തെ സൗഹൃദം പങ്കുവച്ച് വിശാൽ
തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ നടൻ വിജയ്‌യുമായുള്ള ദീർഘകാലത്തെ സൗഹൃദം പങ്കുവച്ച് വിശാൽ. മുഖ്യമന്ത്രിയെ നേരിൽ കണ്ടതിന് ശേഷം തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് വിശാൽ വൈകാരികമായ കുറിപ്പ് പങ്കുവച്ചത്. പദവികൾ മാറിയിട്ടുണ്ടാകാമെങ്കിലും തങ്ങൾക്കിടയിലെ ആത്മബന്ധത്തിന് യാതൊരു മാറ്റവുമില്ലെന്ന് വിശാൽ പറയുന്നു. ലോയോള കോളേജിൽ ഒരുമിച്ച് പഠിച്ച കാലം മുതൽ തങ്ങൾക്കിടയിലുള്ള സൗഹൃദത്തെക്കുറിച്ച് വിശാൽ ഓർത്തെടുത്തു
രാഷ്ട്രീയത്തിലെ പ്രമുഖരുമായുള്ള തന്റെ മുൻകാല പരിചയങ്ങളെ അനുസ്മരിച്ച വിശാൽ, തമിഴ്‌നാട് മുഖ്യമന്ത്രിയെ 'ഡാർലിംഗ്' എന്ന് വിളിക്കാൻ കഴിഞ്ഞത് മനോഹരമായ അനുഭവമാണെന്നും കൂട്ടിച്ചേർത്തു. കലൈഞ്ജർ അയ്യ, ജയലളിത അമ്മ, സ്റ്റാലിൻ അങ്കിൾ, ഒടുവിൽ തന്റെ സ്വന്തം സുഹൃത്തായ ഉദയനിധി വരെയുള്ള നേതാക്കളോട് ഈയൊരു സ്നേഹബന്ധം സൂക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും തന്നിലെ പഴയ 'ഫാൻബോയ്' എക്കാലവും അങ്ങനെ തന്നെ തുടരുമെന്നും വിശാൽ പറയുന്നു.
‘‘ഏറ്റവും പ്രിയപ്പെട്ട മുഖ്യമന്ത്രി വിജയ്,
ലോയോള കോളജ് കാലം മുതൽ താങ്കളെ പരിചയപ്പെട്ട അന്നുമുതൽ കഴിഞ്ഞ ഇത്രയും വർഷങ്ങളായി ഞാൻ വിളിക്കുന്ന "ഡാർലിങ്" എന്ന വാക്കിന് ഇന്നും ഒരു മാറ്റവുമില്ല. വളർന്നു വരുന്ന ഒരു താരമായി താങ്കളെ പരിചയപ്പെട്ടതു മുതലാണ് ഇതെല്ലാം തുടങ്ങിയത്. പിന്നീട് താങ്കൾ സിനിമയിലെ സൂപ്പർസ്റ്റാറായി ഉയരുന്നതും, പ്രതിസന്ധികളെ സ്വന്തം മൗനം കൊണ്ടും വിജയം കൊണ്ടും തട്ടിമാറ്റി മുന്നേറുന്നതും, ഒടുവിൽ തമിഴ്‌നാടിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയായി മാറുന്നതുമെല്ലാം ഞാൻ കണ്ടു.
