പശ്ചിമേഷ്യൻ സംഘർഷം; യഷ് ചിത്രം 'ടോക്സിക്' ആഗോള റിലീസ് മാറ്റി, പുതിയ തീയതി പ്രഖ്യാപിച്ചു

  1. Home
  2. Entertainment

പശ്ചിമേഷ്യൻ സംഘർഷം; യഷ് ചിത്രം 'ടോക്സിക്' ആഗോള റിലീസ് മാറ്റി, പുതിയ തീയതി പ്രഖ്യാപിച്ചു

yash


പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ കന്നഡ സൂപ്പർതാരം യഷ് നായകനാകുന്ന 'ടോക്സിക്' (Toxic) സിനിമയുടെ ആഗോള റിലീസ് തീയതി മാറ്റി. കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും സംയുക്തമായാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ മാർച്ച് 19-ന് റിലീസ് ചെയ്യാനിരുന്ന ചിത്രം ജൂൺ 4-ലേക്കാണ് മാറ്റിവെച്ചത്. ചിത്രത്തിന്റെ പ്രധാന വിതരണ പങ്കാളികളിലൊന്നായ ഫാർസ് ഫിലിംസിന്റെ (Phars Film) നിർദ്ദേശപ്രകാരമാണ് ഈ തീരുമാനമെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി.

ചിത്രത്തിന്റെ പ്രധാന വിപണികളിലൊന്നായ ഗൾഫ് മേഖലയിലുടനീളം നിലനിൽക്കുന്ന അനിശ്ചിതാവസ്ഥ സിനിമാ പ്രദർശനത്തെയും കളക്ഷനെയും ബാധിച്ചേക്കാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം. മാർച്ച് 2-ന് പുറത്തിറക്കാൻ നിശ്ചയിച്ചിരുന്ന 'തബാഹി' എന്ന ആദ്യ സിംഗിൾ ഗാനത്തിന്റെ റിലീസും നിലവിലെ സാഹചര്യം കണക്കിലെടുത്ത് മാറ്റിവെച്ചിട്ടുണ്ട്. പ്രൊമോഷൻ പരിപാടികൾ ഉൾപ്പെടെ താൽക്കാലികമായി നിർത്തിവെച്ചതായാണ് വിവരം.

മാർച്ച് 8-ന് ബെംഗളൂരുവിൽ ദേശീയ മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ നടത്താനിരുന്ന വൻ ട്രെയിലർ ലോഞ്ച് പരിപാടികൾക്ക് മുന്നോടിയായാണ് ഈ നിർണ്ണായക പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.