'ആ ഷോർട്ട് ഫിലിം കണ്ടപ്പോൾ തന്നെ അഭിനയത്തിൽ പ്രത്യേകത തോന്നി'; 'ബാലനി'ലേക്ക് ഗിരീഷ് എ.ഡി വന്നതിനെക്കുറിച്ച് ചിദംബരം
'തണ്ണീർമത്തൻ ദിനങ്ങൾ', 'സൂപ്പർ ശരണ്യ', 'പ്രേമലു' തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ സംവിധായകനാണ് ഗിരീഷ് എ.ഡി. നിവിൻ പോളിയെ നായകനാക്കി ഒരുക്കുന്ന 'ബത്‌ലഹേം കുടുംബയൂണിറ്റ്' ആണ് ഗിരീഷിന്റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഇതിനിടെ 'മഞ്ഞുമ്മൽ ബോയ്സ്' ഫെയിം ചിദംബരം സംവിധാനം ചെയ്യുന്ന 'ബാലൻ' എന്ന ചിത്രത്തിൽ ഗിരീഷ് ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. ചിത്രത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥനായാണ് ഗിരീഷ് എത്തുന്നത്. ഈ സിനിമയിലേക്ക് ഗിരീഷ് എത്തിയതിനെക്കുറിച്ച് മനസ്സ് തുറക്കുകയാണ് സംവിധായകൻ ചിദംബരം.
ഗിരീഷിനെ ഈ കഥാപാത്രത്തിലേക്ക് നിർദ്ദേശിച്ചത് നടൻ ഗണപതിയാണെന്ന് ചിദംബരം പറഞ്ഞു. ഗിരീഷ് അഭിനയിച്ച ഒരു ഷോർട്ട് ഫിലിം ഗണപതി തനിക്ക് കാണിച്ചുതന്നിരുന്നു. അത് കണ്ടപ്പോൾ തന്നെ ഗിരീഷിന്റെ അഭിനയത്തിലും ഡയലോഗ് ഡെലിവറിയിലും വലിയൊരു പ്രത്യേകത തോന്നിയതായി ചിദംബരം വ്യക്തമാക്കി. നമ്മൾ നിത്യജീവിതത്തിൽ കാണുന്ന പോലീസുകാർ എല്ലാവരും ഒരുപോലെയുള്ളവരല്ല. വ്യത്യസ്ത സ്വഭാവമുള്ള ഒട്ടേറെ പോലീസുകാരെ കാണാം. അത്തരത്തിൽ തികച്ചും വ്യത്യസ്തനായ ഒരു പോലീസ് ഉദ്യോഗസ്ഥനെ അവതരിപ്പിക്കാൻ ഗിരീഷ് അനുയോജ്യനാണെന്ന് തോന്നിയതിനാലാണ് അദ്ദേഹത്തെ ഈ വേഷത്തിലേക്ക് തിരഞ്ഞെടുത്തതെന്നും ചിദംബരം മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.
