അന്ന് മമ്മൂട്ടി ഡയറ്റിലായിരുന്നു; ഗോതമ്പിന്റെ പുട്ട് വേണമെന്ന വാശി; പ്രൊഡക്ഷൻ കൺട്രോളർ

  1. Home
  2. Entertainment

അന്ന് മമ്മൂട്ടി ഡയറ്റിലായിരുന്നു; ഗോതമ്പിന്റെ പുട്ട് വേണമെന്ന വാശി; പ്രൊഡക്ഷൻ കൺട്രോളർ

mammootty


നടൻ മമ്മൂട്ടിയുടെ ദേഷ്യം ഒരു കാലത്ത് സിനിമാ ലോകത്ത് സംസാരമായിരുന്നു. കാര്യങ്ങൾ തുറന്നടിച്ച് സംസാരിക്കുന്ന പ്രകൃതത്തെക്കുറിച്ച് നിരവധി പേർ സംസാരിച്ചിട്ടുമുണ്ട്. വ്യത്യസ്തമായ സിനിമകളുമായി കരിയറിലെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെയാണ് മമ്മൂട്ടിയിപ്പോൾ കടന്ന് പോകുന്നത്. നടനെക്കുറിച്ച് പ്രൊഡക്ഷൻ കൺട്രോളർ കെ വിജയകുമാർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

വിഷുപക്ഷി എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയുണ്ടായ സംഭവത്തെക്കുറിച്ചാണ് ഇദ്ദേഹം സംസാരിച്ചത്. പെരിങ്ങൽകൂത്തിൽ ഷൂട്ട് നടന്ന് കൊണ്ടിരിക്കുകയാണ്. മമ്മൂട്ടി അപ്പോൾ ഡയറ്റും കാര്യങ്ങളുമായി നിൽക്കുന്ന സമയമാണ്. ആലുവയിൽ നിന്ന് പത്ത് നാൽപത് കിലോമീറ്റർ മുകളിലാണ് പെരിങ്ങൽകൂത്ത് എന്ന് പറയുന്ന വെള്ളച്ചാട്ടം. അവിടെ ഫൈറ്റ് ഷൂട്ട് ചെയ്യുകയാണ്. ഒരു പതിനൊന്ന് മണിയായപ്പോൾ എന്നെ വിളിച്ച് ഉച്ചയ്ക്ക് കഴിക്കാൻ ഗോതമ്പിന്റെ പുട്ട് വേണം എന്ന് പറഞ്ഞു.

ഇപ്പോൾ പുട്ട് കിട്ടില്ല, ചപ്പാത്തിയുണ്ടാകുമെന്ന് ഞാൻ. പുട്ട് തന്നെ വേണമെന്ന് മമ്മൂട്ടി. കഷ്ടമാണ് മമ്മൂക്ക, ഇവിടെ ഫുഡ് ഉണ്ടാക്കാൻ ഒരു വകയുമില്ല. താഴെയാണ് മെസ്. അവിടെ നിന്നാണ് ഭക്ഷണം വരുന്നത്. വണ്ടി അവിടെ നിന്ന് പുറപ്പെട്ട് കഴിഞ്ഞെന്ന് ഞാൻ പറഞ്ഞു. അത് വിട്ടു. ബ്രേക്ക് സമയത്ത് പുട്ട് വന്നോ എന്ന് ചോദിച്ചു. ഇല്ല ഇക്കായെന്ന് ഞാൻ. താനൊന്നും ശരിയാകില്ല, ഞാൻ പോയി കഴിച്ചിട്ട് വരാമെന്ന് പറഞ്ഞ് പുള്ളി കാറിൽ കയറി. എനിക്ക് ടെൻഷനായി.

പോയിട്ട് എപ്പോൾ വരുമെന്ന് അറിയില്ലല്ലോ. ഞാനും വരാമെന്ന് പറഞ്ഞ് കാറിൽ കയറി. ഭയങ്കര സ്പീഡിൽ പോയി. ഒരു കട മാത്രമുണ്ട്. അവിടെ ഈ വെള്ളച്ചാട്ടം കാണാൻ വരുന്നവരാണ്. നേരെ അവിടേക്ക് വിട്ടു. ആ കടയിൽ ചോറും കറികളുമുണ്ട്. പത്ത് പതിനഞ്ച് പേരെ ആ കടയിൽ ഉള്ളൂ. ഗോതമ്പിന്റെ പുട്ട് ഉണ്ടാക്കാൻ പറ്റുമോ എന്ന് ചോദിച്ചു. ഗോതമ്പ് പൊടിയില്ല സാറെ എന്ന് അവർ.

നമുക്ക് ചോറ് കഴിക്കാം എന്ന് അദ്ദേഹം. ഇതിലും നല്ല ചോറും ചപ്പാത്തിയും മേലെ ഇല്ലേ, നമുക്ക് അവിടെ പോയി കഴിച്ചൂടെ എന്ന് ഞാൻ ചോദിച്ചു. താൻ വാ എന്ന് മമ്മൂട്ടി. അവിടെ മീൻ കറിയും ചോറും ഓംലറ്റും കഴിച്ചു. എന്തിനാണ് ഈ വാശിയെന്ന് ഞാൻ പറയുന്നുണ്ട്. ചുമ്മാ ഇരുന്ന് കഴിക്കെടേ എന്ന് അദ്ദേഹം.

ഭക്ഷണം കഴിച്ച് തിരിച്ച് വന്നപ്പോഴേക്കും അവിടെയുള്ളവർ പിരി കൊണ്ട് നിൽക്കുകയാണ്. കാരണം മമ്മൂക്ക വണ്ടി എടുത്ത് പോയതിനിടെ പുട്ട് ചോദിച്ചിട്ട് ഇല്ലെന്ന പറഞ്ഞെന്ന സംസാരം അവിടെ വന്നു. പ്രൊഡ്യൂസർക്ക് ടെൻഷൻ. ചെന്നപ്പോഴാണ് എല്ലാവർക്കും സമാധാനമായി. മമ്മൂട്ടി ആവശ്യമില്ലാതെ ആരോടും സംസാരിക്കില്ലെന്നും കെ വിജയകുമാർ ചൂണ്ടിക്കാട്ടി. അങ്ങനെയാണ് പുള്ളിയുടെ പ്രകൃതം. പെട്ടെന്ന് ദേഷ്യം മാറും. വളരെ സോഫ്റ്റായ സ്വഭാവമാണെന്നും കെ വിജയകുമാർ അഭിപ്രായപ്പെട്ടു. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോടാണ് പ്രതികരണം.