വിജയ് ചിത്രം 'ജന നായകൻ' റിലീസ് വൈകുമോ?; ചിത്രത്തിന് ഇതുവരെയും സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചില്ല
രാഷ്ട്രീയ പ്രവേശനത്തിനിറങ്ങും മുൻപ് കരിയറിലെ അവസാന ചിത്രമെന്ന വിശേഷണത്തോടെയെത്തുന്ന വിജയ് ചിത്രം 'ജന നായകൻ' റിലീസ് പ്രതിസന്ധിയിൽ. റിലീസിന് മൂന്ന് ദിവസങ്ങൾ മാത്രം ശേഷിക്കെ ചിത്രത്തിന് ഇതുവരെ സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. ഡിസംബർ 19 ന് സിനിമ കണ്ട സെൻസർ ബോർഡ് അന്ന് പത്തിലേറെ മാറ്റങ്ങൾ നിർദ്ദേശിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ശേഷം മാറ്റങ്ങൾ വരുത്തി വീണ്ടും സമർപ്പിച്ചെങ്കിലും സർട്ടിഫിക്കറ്റ് ഇതുവരെയും ലഭിച്ചിട്ടില്ല. ജനുവരി ഒൻപതിന് പൊങ്കൽ റിലീസായി എത്തുന്ന ചിത്രത്തിന്റെ റിലീസ് വൈകുമോ എന്ന ആശങ്കയിലാണ് വിജയ് ആരാധകർ.
എച്ച് വിനോദ് ആണ് ജന നായകൻ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലറിനും പാട്ടുകൾക്കും മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസ് അടുത്തിരിക്കെ സെൻസർ ബോർഡ് നടപടി അസാധാരണമെന്നാണ് ടിവികെ വൃത്തങ്ങൾ പ്രതികരിച്ചിരിക്കുന്നത്. സെൻസർ ബോർഡിന്റെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് നിർമ്മാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ്.
