ഡോൺ 3-ൽ നിന്നുള്ള പിന്മാറ്റം; രൺവീർ സിങ്ങിനെതിരായ നിസഹകരണം ഫെഡറേഷൻ പിൻവലിച്ചു
നടൻ രൺവീർ സിങ്ങിനെതിരെ പ്രഖ്യാപിച്ചിരുന്ന നിസഹകരണ ആഹ്വാനം വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് ഫെഡറേഷൻ (FWICE) പിൻവലിച്ചു. ഇന്ത്യൻ മോഷൻ പിക്ചർ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ (IMPPA), സിനി ആൻഡ് ടിവി ആർട്ടിസ്റ്റ്‌സ് അസോസിയേഷൻ (CINTAA) എന്നീ സിനിമാ സംഘടനകളുടെ ഇടപെടലിനെ തുടർന്നാണ് തീരുമാനം. ഫർഹാൻ അക്തർ സംവിധാനം ചെയ്യുന്ന 'ഡോൺ 3' എന്ന ചിത്രത്തിൽ നിന്ന് രൺവീർ സിങ് പിന്മാറിയതുമായി ബന്ധപ്പെട്ടാണ് തർക്കങ്ങൾ ആരംഭിച്ചത്. ഇതിന് പിന്നാലെ നടൻ സംഘടനയ്ക്ക് വക്കീൽ നോട്ടീസ് അയച്ചിരുന്നു. ഇതിനു ശേഷമാണ് നിസഹകരണ പ്രഖ്യാപനം പിൻവലിക്കാൻ സംഘടന തയ്യാറായതെന്നാണ് റിപ്പോർട്ടുകൾ.
രൺവീർ സിങ് വിഷയത്തിൽ ആരും ജയിക്കുകയോ തോൽക്കുകയോ ചെയ്തിട്ടില്ലെന്ന് FWICE പ്രസിഡന്റ് ബി.എൻ. തിവാരി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. നിർമ്മാതാക്കൾക്കോ സംവിധായകർക്കോ നടനോ യാതൊരു പ്രശ്‌നവും ഉണ്ടാകാത്തവിധം എല്ലാവരും ഒരുമിച്ച് ചർച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു. നടൻ അയച്ച നോട്ടീസിന് ഫെഡറേഷന്റെ നിയമ വിഭാഗം കൃത്യമായ മറുപടി നൽകുമെന്നും തിവാരി കൂട്ടിച്ചേർത്തു. ചൊവ്വാഴ്ചയാണ് നടൻ സംഘടനയ്ക്ക് നോട്ടീസ് അയച്ചതെങ്കിലും അതിന്റെ വിശദാംശങ്ങൾ പുറത്തുവിടാൻ ഇരുപക്ഷവും തയ്യാറായിട്ടില്ല.
'ഡോൺ 3' സിനിമയുമായി ബന്ധപ്പെട്ട് രൺവീറും ഫർഹാൻ അക്തറും തമ്മിലുണ്ടായ തർക്കം ബോളിവുഡിൽ വലിയ ചർച്ചയായിരുന്നു. തിരക്കഥയിലെ വ്യക്തതക്കുറവും സിനിമ നീണ്ടുപോകുന്നതിലെ അതൃപ്തിയും കാരണമാണ് രൺവീർ ചിത്രത്തിൽ നിന്ന് പിന്മാറിയതെന്നാണ് സൂചന. ഇതേത്തുടർന്ന് അക്തറിന്റെ എക്‌സൽ എന്റർടൈൻമെന്റ് 45 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുകയും ഫെഡറേഷൻ നടനെതിരെ നിസഹകരണ നിർദ്ദേശം പുറപ്പെടുവിക്കുകയുമായിരുന്നു. തുടക്കത്തിൽ സാധാരണ കാസ്റ്റിങ് പ്രശ്നമായിരുന്ന വിഷയം പിന്നീട് വലിയൊരു നിയമപോരാട്ടമായി മാറുകയായിരുന്നു.
