ലോകസിനിമയിലെ ഇതിഹാസം ബേലാ താർ അന്തരിച്ചു; വിടവാങ്ങിയത് ദാർശനിക സിനിമകളുടെ ശില്പി
ഹംഗേറിയൻ ചലച്ചിത്ര ഇതിഹാസം ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം കുടുംബാംഗങ്ങൾ സ്ഥിരീകരിച്ചു. സിനിമയെ വെറുമൊരു ദൃശ്യാവിഷ്കാരത്തിനപ്പുറം ഗൗരവമേറിയ ദാർശനിക തലത്തിലേക്ക് ഉയർത്തിയ ബേലാ താർ, തന്റെ സവിശേഷമായ ആഖ്യാനശൈലിയിലൂടെ ലോകസിനിമയിലെ വിസ്മയമായി മാറിയ പ്രതിഭയാണ്.
1979-ൽ 'ഫാമിലി നെസ്റ്റ്' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാലോകത്തേക്ക് എത്തിയത്. തുടർന്ന് 2011 വരെ നീണ്ടുനിന്ന മൂന്ന് പതിറ്റാണ്ടിലധികം കാലത്തെ ചലച്ചിത്ര ജീവിതത്തിൽ വെറും ഒൻപത് ഫീച്ചർ ചിത്രങ്ങൾ മാത്രമാണ് അദ്ദേഹം സംവിധാനം ചെയ്തത്. എന്നാൽ ഈ ചിത്രങ്ങൾ ഓരോന്നും ലോകസിനിമയിലെ ക്ലാസിക്കുകളായി ഇന്നും വാഴ്ത്തപ്പെടുന്നു. 'സാറ്റൻടാങ്കോ', 'വെക്മിസ്റ്റർ ഹാർമണീസ്' എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സൃഷ്ടികളാണ്. 2011-ൽ പുറത്തിറങ്ങിയ 'ദ ടൂറിൻ ഹോഴ്സ്' ആണ് അവസാന ചിത്രം. ഫീച്ചർ സിനിമകൾക്ക് പുറമെ നിരവധി ഡോക്യുമെന്ററികളും ഹ്രസ്വചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
കേരളത്തിലെ ചലച്ചിത്ര പ്രേമികളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹം 2022-ൽ നടന്ന 27-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ (IFFK) പങ്കെടുത്തിരുന്നു. മേളയിലെ പരമോന്നത ബഹുമതിയായ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നൽകി കേരളം അദ്ദേഹത്തെ ആദരിച്ചു. അത്തവണ മേളയിൽ അദ്ദേഹത്തിന്റെ ആറു ചിത്രങ്ങൾ പ്രദർശിപ്പിക്കുകയും സിനിമയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ മലയാളികളുമായി പങ്കുവെക്കുകയും ചെയ്തിരുന്നു. ബേലാ താറിന്റെ വിയോഗം ലോക ചലച്ചിത്ര രംഗത്തിന് നികത്താനാവാത്ത നഷ്ടമാണ്.
