അന്താരാഷ്ട്ര മേളകളിൽ തിളങ്ങാൻ 'ലോക'; ചിത്രം സ്റ്റുട്ട്ഗാർട്ട് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്കും ബൈഫാനിലേക്കും

  1. Home
  2. Entertainment

അന്താരാഷ്ട്ര മേളകളിൽ തിളങ്ങാൻ 'ലോക'; ചിത്രം സ്റ്റുട്ട്ഗാർട്ട് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്കും ബൈഫാനിലേക്കും

lokah


മലയാളത്തിലെ എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായ 'ലോക-ചാപ്റ്റർ വൺ: ചന്ദ്ര' വീണ്ടും അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമായ രണ്ട് അംഗീകാരങ്ങൾ കൂടി സ്വന്തമാക്കി. ജർമനിയിൽ നടക്കുന്ന 23-ാമത് സ്റ്റുട്ട്ഗാർട്ട് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്കും, സൗത്ത് കൊറിയയിലെ പ്രശസ്തമായ ബുക്കിയോൺ ഇന്റർനാഷണൽ ഫന്റാസ്റ്റിക് ഫിലിം ഫെസ്റ്റിവലിലേക്കും (BIFAN) ചിത്രം ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു. ദക്ഷിണ കൊറിയയിൽ ജൂലൈ 2 മുതൽ 12 വരെയാണ് ബൈഫാൻ ചലച്ചിത്രമേള അരങ്ങേറുന്നത്.

ദുൽഖർ സൽമാന്റെ വേഫെയറർ ഫിലിംസ് നിർമ്മിച്ച് കല്യാണി പ്രിയദർശൻ, നസ്ലിൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ 'ലോക', ആഗോളതലത്തിൽ 300 കോടി രൂപ കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രമെന്ന ചരിത്രനേട്ടം സ്വന്തമാക്കിയിരുന്നു. കേരളത്തിൽ നിന്ന് മാത്രം 121 കോടി രൂപ ഗ്രോസ് കളക്ഷൻ നേടിയാണ് ചിത്രം ഇൻഡസ്ട്രി ഹിറ്റായി മാറിയത്. നേരത്തെ 2025-ലെ കേരള ഫിലിം ക്രിട്ടിക്സ് അവാർഡിൽ മികച്ച സംവിധായകൻ, നടി, സംഗീത സംവിധായകൻ, മേക്കപ്പ്, നവാഗത രചയിതാവ് ഉൾപ്പെടെ അഞ്ച് പുരസ്കാരങ്ങൾ ചിത്രം വാരിക്കൂട്ടിയിരുന്നു. ഐഎംഡിബിയുടെ (IMDb) കഴിഞ്ഞ വർഷത്തെ ഏറ്റവും ജനപ്രിയമായ പത്ത് ഇന്ത്യൻ ചിത്രങ്ങളുടെ പട്ടികയിലും 'ലോക' ഇടംപിടിച്ചിരുന്നു.

പാൻ ഇന്ത്യ വിജയം; രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ്

കേരളത്തിന്റെ ഐതിഹ്യ കഥയായ കള്ളിയങ്കാട്ട് നീലിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും വലിയ വിജയമാണ് കൈവരിച്ചത്. തിയേറ്ററുകൾക്ക് പിന്നാലെ ഒടിടി പ്ലാറ്റ്‌ഫോമുകളിലും ചിത്രത്തിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. ചിത്രത്തിൽ ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു.

ചിത്രത്തിന്റെ ആദ്യ ഭാഗത്തിൽ അതിഥി വേഷങ്ങളിൽ എത്തിയ ദുൽഖർ സൽമാനും ടോവിനോ തോമസും പ്രേക്ഷകരെ ആവേശം കൊള്ളിച്ചിരുന്നു. ഇതിന് പിന്നാലെ ചിത്രത്തിന്റെ രണ്ടാം ഭാഗവും അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിട്ടുണ്ട്. ടോവിനോ തോമസ് നായകനാകുന്ന രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ സിനിമാ ലോകം.