അലിബാഗിലേക്ക് ചേക്കേറി ബോളിവുഡ് താരങ്ങള്‍; ഏറ്റവുമൊടുവില്‍ ഭൂമി വാങ്ങി അനുഷ്‌കയും വിരാടും
ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മ്മയും മുംബൈയോട് ചേര്‍ന്നുള്ള അലിബാഗില്‍ വന്‍ നിക്ഷേപം നടത്തിയതായി റിപ്പോര്‍ട്ട്. ഏകദേശം 37.86 കോടി രൂപ മുടക്കി 5.1 ഏക്കര്‍ ഭൂമിയാണ് താരദമ്പതികള്‍ സ്വന്തമാക്കിയിരിക്കുന്നത്. മുംബൈയിലെ തിരക്കുകളില്‍ നിന്ന് മാറിനില്‍ക്കാന്‍ സെലിബ്രിറ്റികളുടെ ഇഷ്ടകേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന അലിബാഗിലെ സിറാദ് ഗ്രാമത്തിലാണ് പുതിയ സ്ഥലം. സമീറ ലാന്‍ഡ് അസറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ സോണാലി അമിത് രാജ്പുതില്‍ നിന്നാണ് ഇവര്‍ സ്ഥലം വാങ്ങിയതെന്നാണ് വിവരം. ജനുവരി 13-നായിരുന്നു റജിസ്‌ട്രേഷന്‍ നടപടികള്‍. സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ മാത്രം ഇരുവരും 2.27 കോടി രൂപ അടച്ചു.
വിരാട് കോലിക്ക് വേണ്ടി സഹോദരന്‍ വികാസ് കോലിയാണ് റജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. നേരത്തെ ഗുഡ്ഗാവിലെ വീട് ഉള്‍പ്പെടെയുള്ള സ്വത്തുക്കള്‍ നോക്കിനടത്താന്‍ സഹോദരന് കോലി പവര്‍ ഓഫ് അറ്റോര്‍ണി നല്‍കിയിരുന്നു. ഇത് കോലിയും കുടുംബവും ലണ്ടനിലേക്ക് താമസം മാറിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇത് രണ്ടാം തവണയാണ് അലിബാഗില്‍ കോലിയും അനുഷ്‌കയും ഭൂമി വാങ്ങുന്നത്. 2022-ല്‍ ഏകദേശം 19 കോടി രൂപ മുടക്കി എട്ട് ഏക്കര്‍ സ്ഥലം ഇവര്‍ വാങ്ങിയിരുന്നു. അവിടെ നിലവില്‍ ഇരുവര്‍ക്കും ഒരു ആഡംബര അവധിക്കാല വസതിയുണ്ട്.
