റാസൽഖൈമയിൽ വാഹനാപകടം: 11 മരണം
യുഎഇയിലെ റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ 11 പേർ മരിച്ചു. അൽ വതൻ റോഡിൽ പാസഞ്ചർ ബസും ട്രക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അതിദാരുണമായ അപകടമുണ്ടായത്. സംഭവം യുഎഇ ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.അപകടത്തെക്കുറിച്ച് റിപ്പോർട്ട് ലഭിച്ച ഉടൻതന്നെ സന്നദ്ധ സംഘങ്ങളും രക്ഷാപ്രവർത്തകരും സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി. ആംബുലൻസ് വിഭാഗം, സിവിൽ ഡിഫൻസ്, മറ്റ് സുരക്ഷാ വിഭാഗങ്ങൾ എന്നിവരുമായി സഹകരിച്ചാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്നതിനൊപ്പം പ്രദേശത്തെ ഗതാഗതം നിയന്ത്രിക്കാനും സുരക്ഷ ഉറപ്പാക്കാനും പൊലീസും മറ്റ് ഉദ്യോഗസ്ഥരും മുൻകൈയെടുത്തു.അപകടത്തിന്റെ യഥാർഥ കാരണങ്ങളെക്കുറിച്ചും സംഭവവികാസങ്ങളെക്കുറിച്ചും വിപുലമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അന്വേഷണം പൂർത്തിയായ ശേഷം കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിടും. അപകടത്തിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബങ്ങളുടെയും ബന്ധുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി മന്ത്രാലയം അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് വ്യാജ പ്രചാരണങ്ങളോ സ്ഥിരീകരിക്കാത്ത വാർത്തകളോ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു. അടുത്തിടെ ഫുജൈറയിൽ ഇതുപോലെ ട്രക്കും വാഹനങ്ങളും കൂട്ടിയിടിച്ച് ഇന്ത്യക്കാരടക്കം 14 പേർ മരിച്ചിരുന്നു.
