അബുദാബിയിൽ 3 ഹാരിപോട്ടർ ലോകങ്ങൾ ഒരുങ്ങുന്നു
യാസ് ഐലൻഡിലെ വാർണർ ബ്രദേഴ്സ് വേൾഡ് അബുദാബിയിൽ 3 ഹാരിപോട്ടർ ലോകങ്ങൾ ഒരുങ്ങുന്നു. ഡയഗൺ ആലി, ഹോഗ്വാർട്സ്, ഫോർബിഡൻ ഫോറസ്റ്റ് എന്നിവ ഉൾപ്പെടുന്ന വിപുലീകരണം 2029ൽ പൂർത്തിയാക്കുമെന്ന് നിർമാതാക്കളായ മിറൽ അറിയിച്ചുവാർണർ ബ്രദേഴ്സ് ഡിസ്കവറി ഗ്ലോബൽ എക്‌സ്‌പീരിയൻസസുമായി സഹകരിച്ചാണ് പദ്ധതി. ഏകദേശം 63,000 ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന പുതിയ മേഖല പാർക്കിന്റെ വിസ്തൃതി 26 ശതമാനത്തോളം വർധിപ്പിക്കും. മൂന്നു പ്രശസ്ത ഹാരി പോട്ടർ പരിസരങ്ങളും ഒരേ തീം പാർക്കിൽ ഒരുക്കുന്ന ലോകത്തിലെ ആദ്യ ഹാരി പോട്ടർ ലാൻഡായിരിക്കും അബുദാബിയിലേതെന്ന് മിറൽ വ്യക്തമാക്കി.ഹാരി പോട്ടർ പ്രമേയത്തിലുള്ള ലോകത്തിലെവിടെയും ഇല്ലാത്ത റൈഡുകളും പുതിയ മേഖലയിൽ ഉണ്ടാകും. ഇതിനു പുറമെ തീം അടിസ്ഥാനമാക്കിയ ഭക്ഷണശാലകളും ഷോപ്പിങ് അനുഭവങ്ങളും ഒരുക്കും.വാർണർ ബ്രദേഴ്സ് വേൾഡ് വിപുലീകരണത്തിന്റെ ഭാഗമായാണ് പുതിയ ഹാരി പോട്ടർ മേഖലകൾ എത്തുന്നത്.
നേരത്തെ പ്രഖ്യാപിച്ച ‘ക്രിപ്റ്റോണൈറ്റ് കൊളൈഡർ’, ‘സൂപ്പർമാൻ അപ് ആൻഡ് എവേ’ എന്നീ രണ്ട് ഡിസി ആകർഷണങ്ങളും പദ്ധതിയിലുണ്ട്. ഇവ ഉൾപ്പെടെ വിപുലീകരണം പൂർത്തിയാകുമ്പോൾ പാർക്കിന്റെ ആകെ വലുപ്പം 50 ശതമാനത്തിലേറെ വർധിക്കും. 2018ൽ തുറന്ന പാർക്കിൽ നിലവിൽ ആറു തീം മേഖലകളിലായി 60ലേറെ റൈഡുകളും അനുഭവങ്ങളുമുണ്ട്. മേഖലയിലെ ഏറ്റവും വലിയ ഇൻഡോർ തീം പാർക്കാണിത്
