കൊച്ചി വിമാനത്താവളത്തിൽ 36 സർവീസുകൾ റദ്ദാക്കി; ഒമാനിലേക്കുള്ള വിമാനങ്ങൾ പുനരാരംഭിച്ചു; പ്രവാസികൾക്ക് വിസ ഇളവുകൾ

  1. Home
  2. Global Malayali

കൊച്ചി വിമാനത്താവളത്തിൽ 36 സർവീസുകൾ റദ്ദാക്കി; ഒമാനിലേക്കുള്ള വിമാനങ്ങൾ പുനരാരംഭിച്ചു; പ്രവാസികൾക്ക് വിസ ഇളവുകൾ

FLIGHT


പശ്ചിമേഷ്യയിലെ പ്രത്യേക സാഹചര്യങ്ങൾക്കിടയിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ ഇന്നും തടസ്സപ്പെട്ടു. ഇന്ന് മാത്രം 36 വിമാനങ്ങളാണ് കൊച്ചിയിൽ നിന്ന് റദ്ദാക്കിയത്. ഇതിൽ എയർ ഇന്ത്യയുടെ ഏഴ് വിമാനങ്ങളും ഉൾപ്പെടുന്നു. ഗൾഫ് മേഖലയിൽ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ടിയിരുന്ന 34 വിമാനങ്ങളും ക്യാൻസൽ ചെയ്തു. അതേസമയം, ഒമാനിലേക്കുള്ള സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചത് പ്രവാസികൾക്ക് ആശ്വാസമായിട്ടുണ്ട്. ഒമാൻ എയറും എയർ ഇന്ത്യ എക്സ്പ്രസും തിരുവനന്തപുരം - മസ്കറ്റ് റൂട്ടിൽ സർവീസ് നടത്തി. ദുബായിലേക്കുള്ള അഞ്ച് വിമാനങ്ങളും ഇന്ന് സർവീസ് ആരംഭിച്ചിട്ടുണ്ട്.

യു.എ.ഇ സുരക്ഷിത വ്യോമ ഇടനാഴി തുറന്നതോടെ കൂടുതൽ വിമാനങ്ങൾക്ക് സർവീസ് നടത്താൻ വഴിയൊരുങ്ങിയിട്ടുണ്ട്. മണിക്കൂറിൽ 48 വിമാനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്ന വിധത്തിലാണ് ഈ ക്രമീകരണം. എയർ ഇന്ത്യ എക്സ്പ്രസ് മാർച്ച് 5 മുതൽ 7 വരെ റാസൽഖൈമയിൽ നിന്ന് കൊച്ചി, മുംബൈ, ഡൽഹി നഗരങ്ങളിലേക്ക് പ്രത്യേക സർവീസുകൾ നടത്തുമെന്ന് അറിയിച്ചു. കൊച്ചിയിൽ നിന്ന് വൈകിട്ട് 4:25-ന് പുറപ്പെടുന്ന വിമാനം രാത്രി 8:55-ന് റാസൽഖൈമയിൽ എത്തും. മിഡിൽ ഈസ്റ്റിലേക്കുള്ള മറ്റ് പ്രധാന സർവീസുകൾ ഇപ്പോഴും റദ്ദാക്കിയ നിലയിലാണ്.

വ്യോമപാത അടച്ചതിനെത്തുടർന്ന് യു.എ.ഇയിൽ കുടുങ്ങിയവർക്കും വിസ കാലാവധി തീർന്നവർക്കും പിഴ ഒഴിവാക്കി യു.എ.ഇ ഐസിപി (ICP) ഉത്തരവിട്ടു. ഫെബ്രുവരി 28-ന് ശേഷം സന്ദർശക, ടൂറിസ്റ്റ് വിസ കാലാവധി തീരുന്നവർക്കും താമസ വിസ റദ്ദാക്കി മടങ്ങാനിരുന്നവർക്കും ഈ ഇളവ് ലഭിക്കും. സമാനമായ രീതിയിൽ കുവൈത്തും സന്ദർശക വിസയിലുള്ളവർക്ക് ഒരു മാസത്തെ അധിക കാലാവധി സ്വമേധയാ അനുവദിച്ചിട്ടുണ്ട്. പശ്ചിമേഷ്യൻ സാഹചര്യത്തിൽ പ്രവാസികളെ സഹായിക്കാൻ നോർക്കയുടെ ആറ് സഹായ കൂട്ടായ്മകൾ ഗൾഫ് രാജ്യങ്ങളിൽ സജീവമായി രംഗത്തുണ്ട്.