യുഎഇയിൽ കുട്ടികളെ പരിപാലിക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കടുത്ത നടപടി

  1. Home
  2. Global Malayali

യുഎഇയിൽ കുട്ടികളെ പരിപാലിക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കടുത്ത നടപടി

CHILDREN


യുഎഇയിൽ കുട്ടികളെ പരിപാലിക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കടുത്ത നടപടി എടുക്കുമെന്ന് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ് അറിയിച്ചു. കുട്ടികളെ അവഗണിക്കുന്നതും ഉപേക്ഷിക്കുന്നതും യുഎഇയിൽ ശിക്ഷാർഹമായ കുറ്റമാണ്. രക്ഷിതാവിന്റെ പരിചരണത്തിലുള്ള കുട്ടികളെ ശ്രദ്ധിക്കാതെ വിടുന്നത് അവരോടുള്ള അവഗണനയായി കണക്കാക്കി നടപടി എടുക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ ഓർമിപ്പിച്ചു. നിയമലംഘകർക്ക് തടവോ 5,000 ദിർഹം പിഴയോ ശിക്ഷ ലഭിക്കുമെന്ന് മുന്നറിയിപ്പ്. 

ഇതേസമയം ഒരു കുട്ടി ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുമ്പോഴും ഇ-ഗെയിം കളിക്കുമ്പോഴും മാർഗനിർദേശം നൽകേണ്ട കടമ രക്ഷിതാവിനുണ്ട്.
കുട്ടികളെ ദുരുപയോഗം ചെയ്യുക, പോഷകാഹാരം, അടിസ്ഥാന വിദ്യാഭ്യാസം എന്നിവ നൽകാതിരിക്കുക, അവഗണിക്കുക എന്നിവയും ബാലാവകാശ നിയമം അനുസരിച്ച് ശിക്ഷാർഹമായ കുറ്റമാണ്. കുട്ടികൾക്ക് പുകയില, മദ്യം ഉൾപ്പെടെ ലഹരി വസ്തുക്കൾ നൽകുന്നതും വിൽക്കുന്നതും കുറ്റകരമാണ്. അവരുടെ മുന്നിൽവച്ച് പുക വലിക്കുകയോ ആരോഗ്യത്തിന് ഹാനികരമായ മറ്റെന്തെങ്കിലും വസ്തുക്കൾ ഉപയോഗിക്കുകയോ ചെയ്യരുത്. 

കുറ്റകൃത്യങ്ങൾക്കും ഹിംസയ്ക്കും പ്രേരണയാകുന്ന ഓൺലൈൻ ഗെയിമുകളിൽ നിന്ന് അവരെ അകറ്റണമെന്നും ആവശ്യപ്പെട്ടു. കുട്ടികളുടെ അവകാശം സംരക്ഷിക്കുന്നതോടൊപ്പം അവരുടെ ജീവിതം മെച്ചപ്പെടുത്താൻ വേണ്ട സൗകര്യങ്ങൾ ഒരുക്കേണ്ടത് രക്ഷിതാക്കളുടെ ബാധ്യതയാണ്. കുട്ടികളെ ലക്ഷ്യമിട്ടുള്ള അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കുന്നവർക്ക് കടുത്ത ശിക്ഷയുണ്ടെന്നു പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.