ഇത്തിഹാദ് റെയിലിന്റെ ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി മലയാളി യുവാവ്; സ്വപ്നപദ്ധതിയുടെ തലപ്പത്ത് അഞ്ച് മലയാളി കരുത്ത്
യു.എ.ഇയിൽ പാസഞ്ചർ സർവീസിന് തുടക്കം കുറിച്ചുകൊണ്ട് ഇത്തിഹാദ് റെയിൽ പുതുചരിത്രം കുറിക്കുമ്പോൾ, പ്രവാസി മലയാളി സമൂഹത്തിന് ഒന്നടങ്കം അഭിമാനമായി അഞ്ച് മലയാളി യുവാക്കൾ. ഇത്തിഹാദ് റെയിലിന്റെ ഓപ്പറേഷൻസ് ടീം ലീഡറും ട്രെയിൻ ഡ്രൈവേഴ്‌സ് ലൈൻ മാനേജരുമായ ആലപ്പുഴ സ്വദേശി നിഷാദാണ് ഈ മിടുക്കരുടെ സംഘത്തെ മുന്നിൽ നിന്ന് നയിക്കുന്നത്.
ഇത്തിഹാദ് റെയിലിന്റെ അതിവേഗ പാസഞ്ചർ ട്രെയിനുകളുടെ ആദ്യത്തെ ഇന്ത്യൻ ക്യാപ്റ്റൻ എന്ന ചരിത്ര പദവിയും നിഷാദിനാണ്. ഇദ്ദേഹത്തിന് പുറമെ ട്രെയിൻ ക്യാപ്റ്റന്മാരായി കൊച്ചി സ്വദേശി നോവിൻ ജോർജ്, കണ്ണൂർ സ്വദേശി മുഹമ്മദ് സാജിദ് എന്നിവരും, ട്രെയിൻ മാസ്റ്റർമാരായി പാലക്കാട് സ്വദേശി രഞ്ജി രവി, മലപ്പുറം സ്വദേശി ആദിൽ മുഹമ്മദ് എന്നിവരും ഈ യു.എ.ഇ ദേശീയ സ്വപ്നപദ്ധതിയുടെ സുഗമമായ നടത്തിപ്പിന് കാവലാളായുണ്ട്.
കാഷ്യറിൽ നിന്ന് ട്രെയിൻ ലൈൻ മാനേജരിലേക്ക്; നിഷാദിന്റെ അതിജീവനക്കഥ
കഠിനാധ്വാനത്തിന്റെയും ലക്ഷ്യബോധത്തിന്റെയും ഉത്തമ ഉദാഹരണമാണ് നിഷാദിന്റെ പ്രവാസി ജീവിതം. 2014-ൽ യു.എ.ഇയിൽ എത്തിയ നിഷാദ് ഒരു സാധാരണ കാഷ്യറായാണ് തന്റെ കരിയർ ആരംഭിച്ചത്. പിന്നീട് നിലനിൽപ്പിനായുള്ള പോരാട്ടത്തിൽ പെർഫ്യൂം വില്പന, ഹോട്ട് ഡോഗ് സാൻഡ്‌വിച്ച് നിർമ്മാണം, ഹോം ഡെലിവറി തുടങ്ങിയ ജോലികളും അദ്ദേഹം ചെയ്തു.
തുടർന്ന് 2017-ൽ പാം ജുമൈറ മോണോറെയിലിൽ ചേർന്നതോടെയാണ് അദ്ദേഹത്തിന്റെ ജീവിതം റെയിൽ ഗതാഗത മേഖലയിലേക്ക് വഴിത്തിരിയുന്നത്. കോവിഡ് പ്രതിസന്ധികൾക്കിടയിലും പതറാതെ ദുബായ് ട്രാമിലും ദുബായ് മെട്രോയിലും ജോലി ചെയ്ത അദ്ദേഹം, അവിടെ കീ ഇൻസ്ട്രക്ടർ, അസ്സസ്സർ എന്നീ പദവികളിൽ മികവ് തെളിയിച്ചു. ഇതിന് ശേഷം 2023-ൽ സായിദ് ഇന്റർനാഷണൽ എയർപോർട്ടിൽ ഓപ്പറേഷൻസ് സീനിയർ ടീം ലീഡറായും നിഷാദ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.
തിരിച്ചടികളെ തോൽപ്പിച്ച വിജയം
ഇത്തിഹാദ് റെയിലിലേക്കുള്ള നിഷാദിന്റെ പാത തടസ്സങ്ങൾ നിറഞ്ഞതായിരുന്നു. 2020-ൽ ട്രെയിൻ ക്യാപ്റ്റൻ തസ്തികയിലേക്ക് ആദ്യമായി അപേക്ഷിച്ചപ്പോൾ ഇമെയിൽ വിലാസത്തിലുണ്ടായ ഒരു ചെറിയ പിശക് കാരണം അദ്ദേഹത്തിന് അവസരം നഷ്ടമായിരുന്നു. എന്നാൽ തോറ്റുകൊടുക്കാൻ തയാറാകാതിരുന്ന അദ്ദേഹം വീണ്ടും കഠിനമായി ശ്രമിക്കുകയും 2022-ഓടെ എല്ലാ പരീക്ഷകളും അഭിമുഖങ്ങളും വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു.
തുടർന്ന് 2024-ൽ ഇത്തിഹാദ് റെയിലിന്റെ പ്രഥമ ഇന്ത്യൻ ക്യാപ്റ്റനായ അദ്ദേഹം, ചുരുങ്ങിയ കാലം കൊണ്ട് തന്നെ ട്രെയിൻ ഓപ്പറേഷൻസ് ടീം ലീഡർ, കീ ഇൻസ്ട്രക്ടർ, അസ്സസ്സർ എന്നീ ഉയർന്ന പദവികളിലേക്ക് നിയമിതനായി. ഹിബ ഗഫൂറാണ് ഭാര്യ, മകൻ: ഖലീഫ സായിദ്. നിഷാദിന്റെ വിജയവഴിയിലൂടെ സഞ്ചരിച്ച്, പുതുമുഖങ്ങളായെത്തി കഠിനമായ അന്താരാഷ്ട്ര പരിശീലനങ്ങളിലൂടെ മികവ് തെളിയിച്ചാണ് നോവിനും സാജിദും രഞ്ജിയും ആദിലും ഇത്തിഹാദ് റെയിലിന്റെ ഈ ചരിത്ര ദൗത്യത്തിന്റെ ഭാഗമായി മാറിയത്.
