ഷാർജയിൽ പുതിയ അടിപ്പാത വരുന്നു; നാളെ മുതൽ താൽക്കാലിക ഗതാഗത നിയന്ത്രണം

  1. Home
  2. Global Malayali

ഷാർജയിൽ പുതിയ അടിപ്പാത വരുന്നു; നാളെ മുതൽ താൽക്കാലിക ഗതാഗത നിയന്ത്രണം

uae -oman


ഷാർജയിലെ ഏറ്റവും തിരക്കേറിയ അൽ താവൂൻ സ്ട്രീറ്റിൽ പുതിയ അടിപ്പാത നിർമാണവുമായി (അൽ താവൂൻ ടണൽ വികസന പദ്ധതി) ബന്ധപ്പെട്ട് നാളെ (ശനി 13) മുതൽ താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (എസ്ആർടിഎ) അറിയിച്ചു.നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഈ റൂട്ടിൽ ഭാഗികമായി റോഡ് അടച്ചിടും. പകരം താൽക്കാലിക ഗതാഗത തിരിച്ചുവിടലുകൾ ഏർപ്പെടുത്തിയിട്ടുള്ളതിനാൽ യാത്രക്കാർ കൂടുതൽ സമയം കണക്കാക്കി യാത്ര തിരിക്കണമെന്നും നിർദേശ ബോർഡുകൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

ഷാർജ-ദുബായ് റൂട്ടിലെ പ്രധാന ഗതാഗതക്കുരുക്കായ അൽ താവൂൻ റൗണ്ട് എബൗട്ടിലെ തിരക്ക് ഒഴിവാക്കാനാണ് പുതിയ അടിപ്പാത നിർമിക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ വാഹനങ്ങൾക്ക് സിഗ്നലുകളോ തടസ്സങ്ങളോ ഇല്ലാതെ അടിപ്പാതയിലൂടെ സുഗമമായി കടന്നുപോകാൻ സാധിക്കും. ഇരു എമിറേറ്റുകൾക്കുമിടയിൽ ദിവസേന യാത്ര ചെയ്യുന്ന ലക്ഷക്കണക്കിന് ആളുകളുടെ യാത്രാക്ലേശം പരിഹരിക്കാനും യാത്രാസമയം കുറയ്ക്കാനും ഇതിലൂടെ സാധിക്കും.

അൽ താവൂൻ, അൽ നഹ്ദ, അൽ ഖാൻ തുടങ്ങിയ ജനസാന്ദ്രതയേറിയ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന കവാടമാണിത്. അൽ ഇത്തിഹാദ് റോഡ്, അൽ നഹ്ദ, അൽ ഖാൻ, കോർണിഷ് തുടങ്ങിയ പ്രധാന റോഡുകളെല്ലാം ഈ ജങ്ഷനിലാണ് സംഗമിക്കുന്നത്. ഷാർജയിൽ താമസിച്ച് ദുബായിൽ ജോലി ചെയ്യുന്ന മലയാളികളടക്കം ഒട്ടേറെ പേർ ഈ വഴിയാണ് നിത്യവും സഞ്ചരിക്കുന്നത്. അതുകൊണ്ടുതന്നെ രാവിലെ 7 മുതൽ 9 വരെയുള്ള സമയങ്ങളിലും വൈകിട്ട് 5 മുതൽ 8 വരെയുള്ള സമയങ്ങളിലും ഇവിടെ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെടാറുണ്ട്. പുതിയ മാറ്റത്തോടെ ഈ മേഖലകളിലെ ഗതാഗതം കൂടുതൽ സുഗമമാകും.