യുകെയിൽ അപൂർവ്വ നേട്ടം; ഇന്ത്യൻ വംശജരായ അമ്മയും മകനും ഒരേസമയം മേയർമാരായി തിരഞ്ഞെടുക്കപ്പെട്ടു

  1. Home
  2. Global Malayali

യുകെയിൽ അപൂർവ്വ നേട്ടം; ഇന്ത്യൻ വംശജരായ അമ്മയും മകനും ഒരേസമയം മേയർമാരായി തിരഞ്ഞെടുക്കപ്പെട്ടു

uk


ബ്രിട്ടനിൽ ഒരേസമയം അമ്മയും മകനും മേയർമാരായി തിരഞ്ഞെടുക്കപ്പെട്ട് അപൂർവ്വ ചരിത്രനേട്ടവുമായി ഇന്ത്യൻ വംശജരായ കുടുംബം. ഹരിയാനയിലെ റോഹ്തക്കിൽ നിന്ന് 2013-ൽ യുകെയിലേക്ക് കുടിയേറിയ കുടുംബത്തിലെ തുഷാർ കുമാർ (23), മാതാവ് പർവീൺ റാണി എന്നിവരാണ് ഈ അപൂർവ്വ പദവിയിലെത്തിയത്. എൽസ്ട്രീ ആൻഡ് ബോറെഹാംവുഡ് ടൗൺ കൗൺസിലിന്റെ (Elstree and Borehamwood Town Council) മേയറായാണ് തുഷാർ കുമാർ ചുമതലയേറ്റത്. ഇതോടെ ബ്രിട്ടനിൽ മേയറാകുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ വംശജൻ എന്ന ചരിത്രനേട്ടവും ഈ ഇരുപത്തിമൂന്നുകാരൻ സ്വന്തമാക്കി.

തൊട്ടടുത്ത ആഴ്ചയാണ് ഹെർട്സ്മിയർ ബറോ കൗൺസിലിന്റെ (Hertsmere Borough Council) പ്രഥമ ഇന്ത്യൻ വംശജയായ മേയറായി തുഷാറിന്റെ മാതാവ് പർവീൺ റാണി തിരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ മെയ് 13-ന് തുഷാറും മെയ് 20-ന് പർവീൺ റാണിയും മേയർമാരായി തിരഞ്ഞെടുക്കപ്പെട്ടതായി തുഷാറിന്റെ പിതാവ് സുനിൽ ദഹിയ സ്ഥിരീകരിച്ചു.

രാഷ്ട്രീയത്തിലേക്ക് ഇരുപതാം വയസ്സിൽ

ലണ്ടനിലെ കിംഗ്‌സ് കോളേജിൽ നിന്ന് രാഷ്ട്രമീമാംസയിൽ (Politics) ബിരുദം നേടിയ തുഷാർ കുമാർ, തന്റെ ഇരുപതാം വയസ്സിലാണ് ലണ്ടനിൽ ആദ്യമായി കൗൺസിലറായി തിരഞ്ഞെടുക്കപ്പെടുന്നത്. ചെറുപ്പകാലം മുതൽക്കേ പൊതുസേവന രംഗത്ത് സജീവമായിരുന്ന ഇദ്ദേഹം, 2023-ൽ ലേബർ പാർട്ടി പ്രതിനിധിയായാണ് കൗൺസിലിലെത്തിയത്. തുടർന്ന് ഡെപ്യൂട്ടി മേയറായി സേവനമനുഷ്ഠിച്ച ശേഷമാണ് ഇപ്പോൾ മേയർ പദവിയിലെത്തുന്നത്. വരും മാസമായ സെപ്റ്റംബറിൽ താരം ഉപരിപഠനം ആരംഭിക്കും. മാതാവ് പർവീൺ റാണിയും 2023-ലാണ് ആദ്യമായി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. മേയറാകുന്നതിന് മുൻപ് ഹെർട്ട്‌സ്മിയറിലെ ഡെപ്യൂട്ടി മേയറായും കാബിനറ്റ് അംഗമായും അവർ പ്രവർത്തിച്ചിട്ടുണ്ട്.

തങ്ങളുടെ ഇന്ത്യൻ പൈതൃകത്തിലും ഹരിയാനയിലെ വേരുകളിലും ഏറെ അഭിമാനിക്കുന്ന ഈ കുടുംബം, യുകെയിൽ ജനിച്ചുവളരുന്ന കുട്ടികൾക്കായി 'ഹിന്ദി ശിക്ഷാ പരിഷത്ത്' എന്ന സംഘടന വഴി സൗജന്യമായി മാതൃഭാഷ പഠിപ്പിച്ചുകൊടുക്കാനും സമയം കണ്ടെത്തുന്നുണ്ട്. പത്ത് വയസ്സുള്ളപ്പോഴാണ് തുഷാർ മാതാപിതാക്കൾക്കൊപ്പം യുകെയിലേക്ക് കുടിയേറുന്നത്. ഒരേസമയം അമ്മയും മകനും മേയർ സ്ഥാനങ്ങളിലേക്ക് എത്തിയത് വലിയ അഭിമാന നിമിഷമാണെന്ന് തുഷാറിന്റെ പിതാവ് സുനിൽ ദഹിയ പ്രതികരിച്ചു.