അബ്ദുൽ റഹീമിന്റെ മോചന നടപടികൾ അടുത്തയാഴ്ച ആരംഭിക്കും; എമർജൻസി സർട്ടിഫിക്കറ്റ് തയ്യാറാക്കി ഇന്ത്യൻ എംബസി

  1. Home
  2. Global Malayali

അബ്ദുൽ റഹീമിന്റെ മോചന നടപടികൾ അടുത്തയാഴ്ച ആരംഭിക്കും; എമർജൻസി സർട്ടിഫിക്കറ്റ് തയ്യാറാക്കി ഇന്ത്യൻ എംബസി

abdul raheem


സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിനായുള്ള ഔദ്യോഗിക നടപടികൾ അടുത്തയാഴ്ച ആരംഭിക്കും. ജയിൽ, ആഭ്യന്തര മന്ത്രാലയങ്ങളുടെ നടപടിക്രമങ്ങൾ പൂർത്തിയായാൽ റഹീമിന് രാജ്യം വിടാനുള്ള താൽക്കാലിക യാത്രാരേഖയായ എമർജൻസി സർട്ടിഫിക്കറ്റ് (വൈറ്റ് പാസ്‌പോർട്ട്) റിയാദിലെ ഇന്ത്യൻ എംബസി തയ്യാറാക്കിയിട്ടുണ്ട്. റഹീമിന്റെ ശിക്ഷാ കാലാവധി ഈ മാസം 20-ഓടെ അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് നടപടികൾ വേഗത്തിലാക്കിയത്.

സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ലോകമെമ്പാടുമുള്ള മലയാളികൾ സമാഹരിച്ച ദിയാധനം കോടതിയിൽ കെട്ടിവെച്ചതിനെ തുടർന്ന് റഹീമിന്റെ വധശിക്ഷ സൗദി കോടതി നേരത്തെ റദ്ദാക്കിയിരുന്നു. എന്നാൽ, കേസിന്റെ പശ്ചാത്തലത്തിലുള്ള പൊതുശിക്ഷയായി 20 വർഷത്തെ തടവുശിക്ഷ കോടതി വിധിച്ചിരുന്നു. ഈ തടവുകാലമാണ് മെയ് 20-ഓടെ പൂർത്തിയാകുന്നത്. ഇതിന് പിന്നാലെ സൗദി ആഭ്യന്തര മന്ത്രാലയം എക്സിറ്റ് വിസ അനുവദിക്കുന്നതോടെ റഹീമിനെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് (തർഹീൽ) മാറ്റും. ഇതോടെ സൗദി സർക്കാരിന്റെ ഭാഗത്തുനിന്നുള്ള നിയമനടപടികൾ പൂർണ്ണമാകും. തർഹീലിലേക്ക് മാറ്റിയാലുടൻ റഹീമിന് നാട്ടിലേക്ക് മടങ്ങാനുള്ള വിമാന ടിക്കറ്റ് നൽകി യാത്രാ സൗകര്യമൊരുക്കുമെന്ന് റഹീം നിയമസഹായ സമിതി ചെയർമാൻ സി.പി മുസ്തഫ വ്യക്തമാക്കി.

അതേസമയം, വരും ദിവസങ്ങളിൽ സൗദിയിലെ സർക്കാർ ഓഫീസുകൾ പെരുന്നാൾ അവധിയിലേക്ക് പ്രവേശിക്കുന്നത് മോചന തീയതിയെ ബാധിക്കുമോ എന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. എങ്കിലും അവധിക്ക് മുൻപായി തന്നെ ഔദ്യോഗിക നടപടികൾ പരമാവധി വേഗത്തിൽ പൂർത്തിയാക്കാനുള്ള തീവ്രശ്രമത്തിലാണ് റിയാദിലെ നിയമസഹായ സമിതിയെന്ന് സാമൂഹ്യപ്രവർത്തകനും കുടുംബത്തിന്റെ പവർ ഓഫ് അറ്റോണിയുമായ സിദ്ധിഖ് തുവ്വൂർ അറിയിച്ചു. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ റഹീം അടുത്ത ദിവസങ്ങളിൽ തന്നെ കോഴിക്കോട്ടെ വീട്ടിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബവും പ്രവാസി സമൂഹവും.